ദേ, ഇതാണ് കോണ്‍ഫിഡന്‍സ്; ഓസ്‌കറിന് സാധ്യത എന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ കുറിച്ചു: ഇന്ന് പുരസ്‌കാര ജേതാവ്
‘ഞാന്‍ അപ്പോഴേ പറഞ്ഞതല്ലേ അങ്ങനെതന്നെ സംഭവിക്കുമെന്ന്…’ ചില കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഈ ഡയലോഗ് പറയുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. ഇപ്പോഴിതാ ആത്മവിശ്വാസത്തിന്റെ കരുത്ത് എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ഒരു ട്വീറ്റാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്.
2020-ല്‍ മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിമിനുള്ള ഓസ്‌കര്‍ നേടിയ ‘ഹെയര്‍ ലവ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഈ ട്വീറ്റിന് പിന്നില്‍. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ മാത്യു എ ചെറി ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെ: 3 ഡി ആര്‍ടിസ്റ്റുകള്‍ ആരെങ്കിലും എന്നെ ഫോളോ ചെയ്യുന്നുണ്ടോ…? ഓസ്‌കാര്‍ ലഭിക്കാന്‍ സാധ്യതയുള്ള ഹ്രസ്വചിത്രത്തിനു വേണ്ടിയാണ്. ഇവിടെ ബന്ധപ്പെടൂ…’.
2016-ല്‍ ‘ഓസ്‌കര്‍ ലഭിച്ചേക്കാവുന്ന ഹ്രസ്വചിത്രത്തിന്’ വേണ്ടി ആളുകളെ തിരഞ്ഞ മാത്യു എ ചെറിയുടെ ‘ഹെയര്‍ ലവ്’ എന്ന ഹ്രസ്വചിത്രം 2020-ല്‍ ഓസ്‌കര്‍ സ്വന്തമാക്കി. പഴയ ട്വീറ്റ് വീണ്ടും പങ്കുവെച്ചുകൊണ്ട് ‘ആ സ്വപ്‌നം സഫലമായി’ എന്ന് മാത്യു ട്വീറ്റ് ചെയ്തു. സംവിധായകന്റെ ആത്മവിശ്വാസത്തെ പ്രശംസിക്കുകയാണ് സൈബര്‍ലോകം.