ജീവിക്കാന്‍ പാനിപൂരി വിറ്റുനടന്ന പയ്യന്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയപ്പോള്‍; സ്റ്റാറാണ് യശ്വസി
‘യശ്വസി’…; ഈ പേര് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശിന് മുന്നില്‍ കാലിടറിയെങ്കിലും ഇന്ത്യയുടെ അഭിമാനമായിമാറുകയായിരുന്നു യശ്വസി ജയ്‌സ്വാള്‍. ആറ് മത്സരങ്ങളില്‍ നിന്ന് 400 റണ്‍സ് നേടി ടൂര്‍ണമെന്റിലെ മികച്ച താരമായി ഈ കൗമാരക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലോകകപ്പ് വേദി ആരവങ്ങള്‍ക്കൊണ്ട് നിറഞ്ഞു.
ഫൈനല്‍ പോരാട്ടാത്തിലും അര്‍ധസെഞ്ചുറി പിന്നിട്ട താരം ക്രീസില്‍ ശ്രദ്ധേയനായി. ബംഗ്ലാദേശിനെതിരെ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ 121 പന്തുകളില്‍ നിന്നായി 88 റണ്‍സാണ് യശ്വസി നേടിയത്. പാകിസ്താനെതിരെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ 113 പന്തില്‍ നിന്നും എട്ടു ഫോറും നാലു സിക്‌സും സഹിതം 105 റണ്‍സുമായി പുറത്താകാതെ നിന്ന യശ്വസി കായികലോകത്ത് കയ്യടികള്‍ നേടിയിരുന്നു. ‘ഞാന്‍ സ്വപ്‌നം കണ്ടത് നടന്നു’ എന്നാണ് പാകിസ്താനെതിരെ സെഞ്ചുറി നേടിയപ്പോള്‍ യശ്വസി പറഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 59, ജപ്പാനെതിരെ 29, ന്യൂസിലന്‍ഡിനെതിരെ 57 എന്നിങ്ങനെയായിരുന്നു യുവതാരത്തിന്റെ നേട്ടം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ 62 റണ്‍സും നേടി താരം.
അണ്ടര്‍ 19 ലോകകപ്പില്‍ ടോപ് സ്‌കോററായി മാറിയ നാലാമത്തെ ഇന്ത്യന്‍ താരമാണ് യശ്വസി. യുവരാജ് സിങ്, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍ എന്നീ താരങ്ങളാണ് അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മറ്റ് ഇന്ത്യക്കാര്‍. ഹര്‍ഷാരവങ്ങള്‍ക്കൊണ്ട് യശ്വസിക്ക് ആര്‍പ്പുവിളിക്കുമ്പോള്‍, ഒന്നുകൂടി അറിയണം… ക്രിക്കറ്റ് എന്ന തന്റെ സ്വപ്‌നത്തിലെത്താന്‍ യശ്വസി താണ്ടിയ ദൂരത്തെക്കുറിച്ച്.
ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ആയിരുന്നു യശ്വസിയുടെ ജനനം. ഒരു ചെറിയ കടയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ നിന്നുമായിരുന്നു യശ്വസിയുടെ പിതാവ് ജെയ്‌സ്വാള്‍ കുടുംബം പോറ്റിയത്. ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കുക എന്നതായിരുന്നു കുട്ടിക്കാലം മുതല്‍ക്കെ ക്രിക്കറ്റിനെ സ്‌നേഹിച്ച യശ്വസിയുടെ ഏറ്റവും വലിയ സ്വപ്‌നവും.
ഈ സ്വപ്‌നവും ഹൃദയത്തില്‍ സൂക്ഷിച്ച് യശ്വസി തന്റെ പതിനൊന്നാം വയസ്സില്‍ മുംബൈയില്‍ എത്തി. അമ്മാവന്റെ വീട്ടിലായിരുന്നു താമസം. എന്നാല്‍ വീട്ടില്‍ നിന്നും ഗ്രൗണ്ടിലേക്കുള്ള ദൂരം പ്രശ്‌നമായതോടെ താമസം ഒരു ക്ഷീരോത്പാദന കടയിലേക്ക് മാറ്റി. കടയില്‍ തന്നാലാവുംവിധം ചെറിയ ജോലികള്‍ ചെയ്തുതുടങ്ങി യശ്വസി. എന്നാല്‍ ക്രിക്കറ്റ് പരിശീലനവും ജോലിയും ഒരുമിച്ചു കൊണ്ടുപോകാന്‍ സാധിച്ചില്ല. ഒരു ദിവസം പരിശീലനം കഴിഞ്ഞ് കടയിലെത്തിയ യശ്വസി കണ്ടത് തന്റെ പെട്ടിയും കിടക്കയും പുറത്ത് വെച്ചിരിക്കുന്നതാണ്. ഇതോടെ അവിടുത്തെ താമസവും അവസാനിപ്പിക്കേണ്ടി വന്നു.
തുടര്‍ന്നുള്ള ജീവിതം മുംബൈ ആസാദ് മൈതാനിയിലെ മുസ്ലീം യുണൈറ്റഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിലായിരുന്നു. മൂന്നു വര്‍ഷക്കാലം അവിടുത്തെ ടെന്റില്‍ താമസിച്ചു. ഇതിനിടയ്ക്ക് ആസാദ് മൈതാനത്ത് പാനിപൂരി കച്ചവടം നടത്തി, പഴങ്ങള്‍ വിറ്റു, ഹോട്ടലില്‍ റൊട്ടിയുണ്ടാക്കി, ക്ലീനിങ് ജോലി ചെയ്തു. എന്നാല്‍ കഷ്ടപ്പാടുകള്‍ക്കും വെല്ലുവിളികള്‍ക്കും ഇടയില്‍ തളരാതെ ക്രിക്കറ്റിനെ ചേര്‍ത്തുപിടിച്ചു.
പരിശീലകന്‍ ജ്വല സിങ്ങുമായുമുള്ള കണ്ടുമുട്ടലായിരുന്നു യശ്വസിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. യശ്വസി മനോഹരമായി ബാറ്റ് ചെയ്യുമെന്ന് തിരിച്ചറിഞ്ഞ ജ്വാല സിങ് അവന് ക്രിക്കറ്റില്‍ മികച്ച ഭാവിയുണ്ടെന്ന് തിരിച്ചറിഞ്ഞു. 2015-ല്‍ മുംബൈയില്‍ സ്‌കൂള്‍തലത്തില്‍ നടന്ന ഗില്‍സ് ഷീല്‍ഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പുറത്താകാതെ 319 റണ്‍സ് നേടിക്കൊണ്ട് യശ്വസി താരമായി. വാര്‍ത്ത മാധ്യമങ്ങളിലും ഈ പ്രകടനം നിറഞ്ഞു നിന്നു. പിന്നീട് പലപ്പോഴും യശ്വസിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടി.
ഐപിഎല്‍ പുതിയ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് 2.40 കോടി രൂപയ്ക്കാണ് യശ്വസിയെ സ്വന്തമാക്കിയത്.
ചെറിയ പ്രതിസന്ധികള്‍ക്ക് മുമ്പില്‍ ലക്ഷ്യത്തെ ത്യജിക്കുന്നവര്‍ക്ക് പ്രചോദനമാകുകയാണ് യശ്വസിയുടെ ജീവിതം….