പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍
കേരളത്തിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളിലേക്ക് കേരളം നീങ്ങുകയാണ്. വാർഷിക പരീക്ഷ നടക്കുന്നതിനാൽ അതീവ ജാഗ്രതയാണ് പുലർത്തേണ്ടത്. ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വാർഷിക പരീക്ഷ മാറ്റി വയ്ക്കുകയും 8,9,10 ക്ലാസ്സുകളിലെ പരീക്ഷകൾ നിയന്ത്രണ വിധേയമായി നടത്താനുമാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആരോഗ്യമന്ത്രി നിർദേശങ്ങൾ നൽകി.
പരീക്ഷകള്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍;
1. പരീക്ഷയ്ക്ക് കുട്ടികളെ ക്രമീകരിക്കുമ്പോള്‍ ഒരു ബഞ്ചില്‍ പരമാവധി രണ്ടു പേര് എന്ന രീതിയില്‍ ഇരുത്തണം.
2. കുടിവെള്ളം കൊണ്ടുവന്ന കുപ്പി, ഗ്ലാസ്, സ്കെയില്‍, റബര്‍, പേന തുടങ്ങിയവ കുട്ടികള്‍ തമ്മില്‍ പങ്കുവയ്ക്കാന്‍ അനുവദിക്കരുത്.
3. പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ പ്രത്യേക മുറിയില്‍ ഇരുത്തി പരീക്ഷ എഴുതിക്കണം. കഴിവതും രോഗലക്ഷണമുള്ള കുട്ടികളെ ഒരു ബഞ്ചില്‍ ഒരാള്‍ വീതം ഇരുത്തുക.
4. കുട്ടികള്‍ കഴിവതും കൂട്ടംകൂടി നില്‍ക്കാതെ ശ്രദ്ധിക്കണം. പരീക്ഷ കഴിഞ്ഞാലുടന്‍ വീടുകളിലേക്ക് പോകണം.
5. ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ല.
6. ക്ലാസ് മുറികളുടെ ജനലുകളും കതകുകളും വായു സഞ്ചാരം ഉറപ്പു വരുത്തുന്ന രീതിയില്‍ തുറന്നിടണം.