കൊവിഡ്-19 ഭീതിയിൽ കരുതലോടെ കേരളം; മാസ്ക് ധരിച്ച് ജീവനക്കാർ
കൊറോണ ഭീതിയിൽ കനത്ത ജാഗ്രതയിലാണ് കേരളം. പത്തനംതിട്ടയിലും കൊച്ചിയിലും രോഗബാധിതർ റിപ്പോർട്ട് ചെയ്തതിനൊപ്പം ഒട്ടേറെ പേര് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുമുണ്ട്. രോഗിയുമായി നേരിട്ട് സമ്പർക്കം വന്നിട്ടില്ലാത്തവരും കരുതലോടെയാണ് കൊറോണ നേരിടുന്നത്.
തിങ്കളാഴ്ച കേരളത്തിലെ ഒട്ടുമിക്ക പ്രൈവറ്റ് സ്ഥാപനങ്ങളിലും മാസ്ക് വിതരണം ചെയ്തിരുന്നു. മാസ്ക് അണിഞ്ഞാണ് ജീവനക്കാർ ജോലിയിൽ ഏർപ്പെട്ടതും. പൊതുവെ നിരത്തുകളിൽ മാസ്ക് അണിഞ്ഞ ആളുകളുടെ എണ്ണവും വർധിച്ചിരുന്നു.
പക്ഷെ, ഹോട്ടലുകളുടെ അവസ്ഥയാണ് പരിതാപകരം. മിക്ക ഹോട്ടലുകളും ആളൊഴിഞ്ഞ നിലയിലാണ്. വിനോദ സഞ്ചാരത്തിനോ ചികിത്സയ്‌ക്കോ ആരും കേരളത്തിലേക്ക് എത്തുന്നില്ലെന്നുള്ളത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലാക്കി.
ഈ സാഹചര്യത്തിൽ 20 ശതമാനം വരെ ഹോട്ടൽ വാടക നിരക്കിൽ കുറവ് വരുത്താൻ പോലും പലരും തയ്യാറായി. ടൂറിസം മേഖലയ്ക്കും വലിയ ആഘാതമാണ് സംഭവിച്ചിരിക്കുന്നത്. ഏപ്രിൽ-മെയ് മാസത്തിലാണ് കൂടുതലും സഞ്ചാരികൾ കേരളത്തിലേക്ക് എത്താറുള്ളത്. മാസങ്ങൾക്ക് മുൻപ് തന്നെ ബുക്കിഗും നടക്കും. എന്നാൽ ഇത്തവണ ഒരു ബുക്കിംഗ് പോലും ഇതുവരെ നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഇനി ഉണ്ടാകാനും സാധ്യതയില്ല.
Read More:എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; ‘കൊറോണ’ പശ്ചാത്തലത്തില്‍ ജാഗ്രതയോടെ സ്‌കൂളുകളും
കെ എസ് ആർ ടി സിക്ക് പിന്നാലെ മിക്ക സ്ഥാപനങ്ങളും പഞ്ചിങ്ങും ഒഴിവാക്കി. അതീവ ജാഗ്രത പുലർത്തുന്ന സമൂഹത്തിൽ അജ്ഞതയോടെ പ്രവർത്തിക്കുന്നവർ ആശങ്ക ഉയർത്തുന്നുണ്ട്. പത്തനംതിട്ടയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന യുവാവ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത് വെല്ലുവിളിയുയർത്തുന്നുണ്ട്. എന്തായാലും നിപ്പയും പ്രളയവും അതിജീവിച്ച കേരളം കൊറോണയെയും തുരത്തുമെന്ന് പ്രതീക്ഷിക്കാം.