കൊവിഡ്-19; ഇന്ത്യയിൽ 129 പേർക്ക് രോഗം സ്ഥിരീകരിച്ചു- 13 പേർക്ക് ഭേദമായി
കൊവിഡ്-19 ആശങ്ക പരത്തി കൂടുതൽ വ്യാപിക്കുകയാണ്. കരുതലോടെയും ജാഗ്രതയോടെയും കൊറോണ വൈറസിനെ നേരിടാൻ തയ്യാറെടുക്കുമ്പോഴും രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് അല്പം ആശങ്കയുണർത്തുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 129 പേർക്കാണ്. കേരളത്തിൽ മാത്രം 27 കൊറോണ വൈറസ് ബാധിതരാണ് ഉള്ളത്.
കേരളത്തിൽ ഇന്നലെ വൈകിട്ടോടെ മലപ്പുറം, കാസർഗോഡ് ജില്ലകളിൽ നിന്നുമായി മൂന്നു കേസുകളും ലഡാക്ക്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നായി ഓരോ കേസുകളും റിപ്പോർട്ട് ചെയ്തു. രോഗം ഭേദമായവരും മരിച്ചവരും ചികിത്സയിലിരിക്കുന്നവരും ഉൾപ്പെടെയാണ് 129 പേർ ഉള്ളത്. ഈ കണക്കിൽ വിദേശികളും ഉൾപ്പെടും. ഇതിൽ 13 പേരാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതർ നിലവിൽ ഉള്ളത് മഹാരാഷ്ട്രയിലാണ്. അന്തിമഫലത്തിനായി കാത്തിരിക്കുന്ന നാലുപേരുൾപ്പെടെ 37 പേരാണുള്ളത്.
അതേസമയം അതീവ ജാഗ്രതയോടെയാണ് ആരോഗ്യരംഗം നീങ്ങുന്നത്. വളരെ നിർണായകമായ ദിനങ്ങളാണ് ഇന്ത്യയെ സംബന്ധിച്ച് ഇനി വരുന്ന രണ്ടാഴ്ച എന്നാണ് ആരോഗ്യരംഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നതും. അതീവ ജാഗ്രത ആവശ്യമുള്ള സ്ഥലങ്ങളിൽ 144 പ്രഖ്യാപിച്ചിട്ടുമുണ്ട്. നിലവിൽ മൈസൂരു ജില്ലയിൽ 144 പ്രഖ്യാപിച്ചു.