“സുന്ദരമായ ജീവിതം എനിക്ക് കിട്ടിക്കഴിഞ്ഞു” എന്നു പറഞ്ഞ് ശ്വസനോപകരണം ചെറുപ്പാക്കാര്‍ക്കായി മാറ്റിവെച്ച മുത്തശ്ശി മരണത്തിന് കീഴടങ്ങി

മുത്തശ്ശിക്കഥയല്ല, ഒരു മുത്തശ്ശിയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലോകമെമ്പാടുമുള്ള അനേകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുന്നത്. മറ്റൊരാള്‍ക്ക് വേണ്ടി സ്വന്തം ജീവിതം ത്യജിക്കാന്‍ തയാറാവുന്ന ചിലരുണ്ട് ഈ ലോകത്ത് എന്ന് വീണ്ടും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സൂസന് ഹൊയ്ലാര്‍ട്സ് എന്ന മുത്തശ്ശി മരണത്തിന് കീഴടങ്ങി.
ബെല്‍ജിയത്തില്‍ കൊവിഡ് 19 മൂലം ചികിത്സയിലായിരുന്നു സൂസന് മുത്തശ്ശി. അവസ്ഥ ഗുരുതരമായപ്പോഴും കൃത്രിമ ശ്വസനോപകരണം സ്വീകരിക്കാന്‍ മുത്തശ്ശി തയാറായിരുന്നില്ല. ഡോകടര്‍മാര്‍ പലതവണ നിര്‍ബന്ധിച്ചു. പക്ഷെ ഒരു പുഞ്ചിരിയോടെ സൂസന് ഹൊയ്ലാര്‍ട്സ് പറഞ്ഞു, ‘മനോഹരമായ ഒരു ജീവിതം എനിക്ക് കിട്ടിക്കഴിഞ്ഞു. കൃത്രിമ ശ്വസനോപകരണത്തിന്റെ ആവശ്യം ഇല്ല. അത് ചെറുപ്പക്കാര്‍ക്ക് വേണ്ടി സൂക്ഷിച്ചു വയ്ക്കൂ…’. ദിവസങ്ങള്‍ക്ക് ശേഷം സൂസന് ഹൊയ്ലാര്‍ട്സ് മരിച്ചു. 90 വയസ്സായിരുന്നു പ്രായം.
അതേസമയം ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട മഹാമാരി ഇന്ന് ഇരുനൂറിലധികം രാജ്യങ്ങളില്‍ വ്യാപിച്ചിരിക്കുന്നു. മുപ്പതിനായിരത്തില്‍ അധികം പേരാണ് കൊവിഡ് 19 മൂലം മരണത്തിന് കീഴടങ്ങിയത്. ലോകത്ത് ഏഴ് ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.