കൊറോണ കാലത്ത് കൈകൾ കഴുകേണ്ടതെങ്ങനെയെന്ന് ഈ മിടുക്കികൾ കാണിച്ചുതരും- ശ്രദ്ധേയമായി ബോധവത്കരണ വീഡിയോ
കൊവിഡ്-19 പശ്ചാത്തലത്തിൽ രാജ്യം അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണ്.കേരളത്തിൽ മാത്രം 24 പേരാണ് കൊറോണ വൈറസ് ബാധിതരായത്. കനത്ത സുരക്ഷയിലും ശുചിത്വത്തിലും പൊതുസമൂഹം മുന്നോട്ട് പോകുമ്പോൾ പലരും കൈകൾ എങ്ങനെ വൃത്തിയാക്കണം എന്നതിൽ പോലും വ്യക്തത ഇല്ലാത്തവരാണ്.
സാധാരണ രീതിയിൽ കൈകൾ കഴുകുകയല്ല ഈ സമയത്ത് വേണ്ടത്. സോപ്പോ ഹാൻഡ് വാഷുകളോ ഉപയോഗിച്ച് കൈകൾ പ്രത്യേക രീതിയിൽ തന്നെ വൃത്തിയാക്കണം. അതിന്റെ ഭാഗമായി പലരും ബോധവത്കരണം നൽകുന്നുണ്ടെങ്കിലും കോട്ടയം വേദഗിരി കോട്ടയ്ക്കുപുറം ഗവൺമെന്റ് സ്കൂളിലെ കുട്ടികൾ ഒരുക്കിയ വീഡിയോ ശ്രദ്ധേയമാകുകയാണ്.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളാണ് ജനങ്ങൾക്കായി കൈകൾ കഴുകുന്നതിന്റെ ആവശ്യകതയും അതെങ്ങനെ വേണം എന്നും പറഞ്ഞു തരുന്നത്. മാത്രമല്ല കൈകൾ സോപ്പുപയോഗിച്ച് എങ്ങനെ വൃത്തിയാക്കണം എന്നും കുട്ടികൾ കാണിച്ച് തരുന്നുണ്ട്.
സ്കൂളിന്റെ ശുചിത്വ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് കുട്ടികളെ അണിനിരത്തി സ്കൂൾ ഇത്തരമൊരു വീഡിയോ ഒരുക്കിയിരിക്കുന്നത്. വളരെ വ്യക്തതയോടെ കുട്ടികൾ ആശയം ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്. കൊറോണ പോലെയുള്ള വൈറസ് രോഗങ്ങൾ നിയന്ത്രിക്കാൻ ഇത്തരത്തിൽ പ്രത്യേക രീതിയിൽ തന്നെ കൈകഴുകേണ്ടത് ആവശ്യമാണ്.