ഭൂമിക്കടിയിലെ വിസ്മയമായി ബേലം ഗുഹ; അവിശ്വസനീയം ഈ കാഴ്ചകൾ
പുതിയ ഇടങ്ങൾ തേടിയുള്ള യാത്രകളിൽ ഓരോ നിമിഷവും ഓരോ കണ്ടെത്തലുകളാണ്, ഇവയിൽ നിന്നും ഓരോ തിരിച്ചറിവുകളും ജനിച്ചുകൊണ്ടേയിരിക്കുന്നു. കണ്ണിന് കുളിർമ്മയും മനസിന് ആശ്വാസവും പകരുന്ന യാത്രകളിൽ ചിലപ്പോഴൊക്കെ എന്നോ കൈമറഞ്ഞുപോയ ചില സുന്ദര ഓർമ്മകളുടെ കെട്ടുകളും അഴിഞ്ഞുപോകും. അത്തരത്തിൽ കാഴ്ചകളിലൂടെ ഒരുപാട് കഥകൾ പറയുന്ന സ്ഥലമാണ് ആന്ധ്രാപ്രദേശിലെ ബേലം ഗുഹ.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഗുഹയാണ് ഭൂമിക്കടിയിലെ ബേലം ഗുഹ. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ബേലം ഗ്രാമത്തിലാണ് ഈ ഗുഹ. ഗുഹയിലേക്കുള്ള യാത്രകളാണ് ഈ നാടിനെ കൂടുതൽ മനോഹരിയാക്കുന്നത്. വഴിയിലെ പാടശേഖരങ്ങളും, അതിന് ശേഷം കാണുന്ന കുന്നുകൾക്കും ഫാക്ടറികൾക്കും പുറമെ ഗ്രാനൈറ്റ് ഖനനം നടക്കുന്ന സ്ഥലങ്ങളും ബേലം ഗുഹയിലേക്കുള്ള യാത്രയിൽ കാണാൻ സാധിക്കും.
ജൈന- ബുദ്ധമത സന്യാസികൾ ഈ ഗുഹകളിൽ താമസിച്ചിരുന്നിരിക്കാം എന്നും സൂചനകളുണ്ട്. ഗുഹയിലേക്കു പ്രവേശിക്കുന്നതിനു മുമ്പായി കുന്നിൻ ചെരുവിൽ വലിയ ബുദ്ധ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. പ്രകൃതിയാൽ രൂപപ്പെട്ടതാണ് ബേലം ഗുഹ. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ ഒഴുകിയിരുന്ന പുഴയുടെ ആവശേഷിപ്പാണ് ഈ ഗുഹ.
ഗുഹയിലൂടെ ഏകദേശം 1.5 കിലോമീറ്റർ സഞ്ചരിക്കാനും വിനോദ സഞ്ചാരികൾക്ക് സാധിക്കും. പുരാതന പേരുകൾ നൽകിയ നിരവധി അറകളും ഗുഹയിലെ മനോഹര കാഴ്ചയാണ്.