ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി ദീപിക; ശ്രദ്ധേയമായി ‘ഛപാക്’ ടൈറ്റില്‍ ട്രാക്ക്
ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് ഛപാക്. ദീപിക പദുക്കോണാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ദീപിക പദുക്കോണിന്റെ മേക്ക് ഓവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചലച്ചിത്രലോകത്ത് ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക്. തിയേറ്ററുകളിലും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ദീപിക പദുക്കോണ്‍ ആണ് ‘ഛപാക്’ എന്ന ചിത്രത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായെത്തുന്നത്. ‘മാല്‍തി’ എന്നാണ് സിനിമയില്‍ ദീപിക പദുക്കോണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ‘എന്നെന്നും എന്നോട് ചേര്‍ന്നു നില്ക്കുന്ന കഥാപാത്രം’ എന്നാണ് മാല്‍തിയെ ദീപിക വിശേഷിപ്പിച്ചത്. വിക്രാന്ത് മാസ്സിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ‘റാസി’ എന്ന ചിത്രത്തിനു ശേഷം മേഖ്ന ഗുല്‍സാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘ഛപാക്’.
പതിനഞ്ചാം വയസിലാണ് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ലക്ഷ്മി അഗര്‍വാളിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയ്ക്കും ലക്ഷ്മി വിധേയമായി. എന്നാല്‍ പിന്നീടുള്ള ലക്ഷ്മിയുടെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവല്കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് ലക്ഷ്മി. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്കാരവും ലക്ഷ്മിയെ തേടിയെത്തി.