അടച്ചിട്ട അക്വേറിയത്തില്‍ സന്ദര്‍ശകരെപ്പോലെ പെന്‍ഗ്വിനുകളുടെ ഉല്ലാസ നടത്തം: വീഡിയോ

March 19, 2020

ലോകത്തെ വിട്ടൊഴിഞ്ഞിട്ടില്ല കൊറോണ ഭീതി. നൂറിലധികം രാജ്യങ്ങളില്‍ കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ലോകം. കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ ശക്തമായ നടപടികള്‍ ഓരോ രാജ്യങ്ങളും സ്വീകരിക്കുന്നുണ്ട്.

കൊറോണ ഭീതിമൂലം അടച്ചിട്ട ഒരു അക്വേറിയത്തിലെ കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. രണ്ട് പെന്‍ഗ്വിനുകളാണ് ഇവിടെ ഇപ്പോഴത്തെ സന്ദര്‍ശകര്‍. ഷിക്കാഗോയിലെ ഷെഡ്‌സ് അക്വേറിയത്തിലാണ് കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. സന്ദര്‍ശകരില്ലാത്തതിനാല്‍ അക്വേറിയത്തില്‍ പാര്‍പ്പിച്ചിരുന്ന പെന്‍ഗ്വിനുകള്‍ക്ക് അവിടെയെല്ലാം ചുറ്റിത്തിരിയാന്‍ അവസരം നല്‍കിയിരുന്നു. അക്വേറിയത്തിന് ചുറ്റും കറങ്ങി നടന്ന് കാഴ്ചകള്‍ വീക്ഷിക്കുന്ന പെന്‍ഗ്വിനുകളാണ് വീഡിയോയിലുള്ളത്.

Read more: ഇവനാണ് ഹീറോ; ഇടിമിന്നലില്‍ പേടിച്ചരണ്ട നായയെ ആശ്വസിപ്പിച്ച് ‘കുഞ്ഞു ധീരന്‍’: വീഡിയോ

റോക്ക് ഹോപ്പര്‍ വിഭാഗത്തില്‍ പെട്ടവയാണ് ഈ പെന്‍ഗ്വിനുകള്‍. ഇവയ്ക്ക് പ്രത്യേക പേരുകളുമുണ്ട്. ഒരാള്‍ എഡ്വേര്‍ഡ്, മറ്റേത് ആനി. ‘സാഹസികതകള്‍ തുടരുന്നു’ എന്ന അടിക്കുറിപ്പോടെ അക്വേറിയം ജീവനക്കാര്‍ തന്നെയാണ് പെന്‍ഗ്വിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.