കുവൈത്ത് ചാനലില്‍ ‘ഞ്ഞമ്മ്ടെ കോയിക്കോടന്‍’ ഭാഷയിലൊരു കൊവിഡ് 19 ബോധവല്കരണം: വൈറല്‍ വീഡിയോ
ഭക്ഷണത്തിനും ഭാഷയ്ക്കും പേരുകേട്ട ഇടമാണ് ‘ഞ്ഞമ്മ്ടെ കോയിക്കോട്’. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് കോഴിക്കോടന്‍ ഭാഷയിലുള്ള ഒരു കൊവിഡ് 19 ബോധവല്കരണം. അതും കുവൈത്തിലെ ടെലിവിഷന്‍ ചാനലില്‍ നിന്നും.
കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളികള്‍ക്കുവേണ്ടി കോഴിക്കോടന്‍ ഭാഷയില്‍ കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകളും ബോധവല്കരണവുമൊക്കെ നല്‍കിയത് മറിയം അല്‍ ഖബന്ദിയാണ്. മലയാളം സംസാരിച്ചുകൊണ്ട് ഈ കുവൈത്ത് വനിത മുന്‍പേ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.
കൊവിഡ് 19 നെ കുറിച്ച് കുവൈത്ത് സര്‍ക്കാര്‍ നല്കിയ നിര്‍ദ്ദേശങ്ങളും വൈറസ് വ്യാപനം തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചുമെല്ലാം മറിയം വ്യക്തമായി സംസാരിക്കുന്നു, തനി നാടന്‍ കോഴിക്കോട് ഭാഷയില്‍.
പാതി മലയാളിയാണ് മറിയം. ആ കഥ ഇങ്ങനെ: 1982 ല്‍ കുവൈറ്റില്‍ നിന്നും കേരളത്തിലെത്തിയ അബ്ദുള്ള മുഹമ്മദ് അല്‍ ഖബന്ദി എന്ന പുയ്യാപ്ല കോഴിക്കോട്ടുകാരി ആയിഷബി ഉമ്മര്‍കോയയ്ക്ക് മാരനായിമാറി. എണ്ണിയാലൊടുങ്ങാത്ത സ്വപ്നങ്ങളുമായി എണ്ണപ്പനകളുടെ നാട്ടിലേയ്ക്ക് നിക്കാഹിന് ശേഷം ഇരുവരും ചേക്കേറി.
1984 ജനുവരിയിലാണ് ഈ ദമ്പതികള്‍ക്ക് മറിയം അബ്ദുള്ള അല്‍ ഖബന്ദി എന്ന പെണ്‍കുട്ടി ജനിക്കുന്നത്. പൂര്‍ണ്ണമായും കുവൈറ്റിലായിരുന്നു മറിയത്തിന്റെ വിദ്യാഭ്യാസം.