വിട്ടൊഴിയാതെ കൊറോണ ഭീതി; ലോകത്ത് അഞ്ച് ലക്ഷത്തില്‍ അധികം കൊവിഡ് രോഗികള്‍
ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് 19 എന്ന രോഗം ഇന്ന് 190-ല്‍ അധികം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. അഞ്ച് ലക്ഷത്തിലും അധികമാണ് ലോകത്തിലെ കൊവിഡ് രോഗികളുടെ എണ്ണം. ഇതുവരെ 5,31,337 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 24,058 പേര് രോഗം മൂലം മരണത്തിന് കീഴടങ്ങി.
അമേരിക്കയില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നു. 86,197 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ അമേരിക്കയില്‍ 16,841 പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. 1195 പേര് ഇതുവരെ ഇവിടെ മരണപ്പെട്ടു.
8215 പേരാണ് കൊവിഡ് 19 മൂലം ഇറ്റലിയില്‍ മരണപ്പെട്ടത്. കഴിഞ്ഞ ഒരു ദിവസം 712 പേരാണ് ഇറ്റലിയില്‍ മരിച്ചത്. യൂറോപ്പില്‍ ഇറ്റലി കഴിഞ്ഞാല്‍ സ്പെയിനിലാണ് കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 56,197 പേരാണ് സ്പെയിനിലെ രോഗ ബാധിതര്‍. 4150 കൊവിഡ് മരണങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തു.
എഴുനൂറില്‍ അധികം പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 126 പേര്‍ക്കാണ് കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രമായി സംസ്ഥാനത്ത് 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.