കൊറോണയ്ക്കെതിരെ നര്‍മ്മം കൊണ്ടൊരു ബോധവല്‍ക്കരണം; ഈ ‘തുള്ളല്‍’ കൊള്ളാലോ എന്ന് സോഷ്യല്‍മീഡിയ
കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ ഒത്തൊരുമിച്ച് പ്രയത്നിക്കുകയാണ് രാജ്യം. സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണ വൈറസിനെ ചെറുക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നല്ലൊരു വിഭാഗം ആളുകള്‍ ലോക്ക് ഡൗണിനെ അനുകൂലിക്കുമ്പോള്‍ വിലക്ക് ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം ചെറുതല്ല.
സമൂഹമാധ്യമങ്ങളിലൂടെ മികച്ച രീതിയില്‍ കൊവിഡ് 19- നെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. പാട്ടിലൂടെയും അഭിനയത്തിലൂടേയുമെല്ലാം പ്രായഭേദമന്യേ നിരവധി പേരാണ് ബോധവല്‍ക്കരണവുമായി രംഗത്തെത്തുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് അല്പം വ്യത്യസ്തമായ ഒരു ബോധവല്‍ക്കരണം. തുള്ളല്‍ എന്ന കലാരൂപത്തിലൂടെയാണ് വിഷ്ണു എന്ന കലാകാരന് ബോധവല്‍ക്കരണം നടത്തുന്നത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തും സംസ്ഥാന സര്‍ക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരും ആണ് ഇത്തരത്തില്‍ വ്യത്യസ്തമായ രീതിയിലുള്ള ബോധവല്‍ക്കരണത്തിന് പിന്നില്‍.
സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശങ്ങളും അരോഗ്യവകുപ്പിന്റെ അറിയിപ്പുകളുമെല്ലാം നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നു ഈ തുള്ളലില്‍. വേറിട്ട രീതിയിലുള്ള ബോധവല്‍ക്കരണത്തിന് സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നതും.