ഭാര്യ ഐസൊലേഷനില്‍; ഒരു ചില്ലു ജാലകത്തിനപ്പുറം പ്രണയസമ്മാനങ്ങളുമായെത്തിയ പ്രിയതമന്
വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമായ ഒന്ന്. പ്രണയത്തെ ഇങ്ങനെയും വിശേഷിപ്പിക്കാം. കാലത്തെയും പ്രായത്തേയും അതിജീവിച്ച പ്രണയ കഥകള്‍ പലപ്പോഴും വായനക്കാരുടെ ഉള്ളു തൊടാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞു നിന്നതും ഒരു പ്രണയ ചിത്രമാണ്.
പ്രായമായ ഒരു മനുഷ്യന് പ്രണയ സമ്മാനങ്ങളുമായി ഒരു ചില്ലു ജാലകത്തിനപ്പുറം നില്‍ക്കുന്നതാണ് ഈ ചിത്രം. ഒരു കഥപറയാനുണ്ട് ഈ ചിത്രത്തിന്. ബോബ് എന്നാണ് ഈ മനുഷ്യന്റെ പേര്. ബോബിന്റെയും ഭാര്യയുടേയും 67-ാം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസവം. എന്നാല്‍ കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍ കണ്ടതോടെ ബോബിന്റെ ഭാര്യ ഐസൊലോഷനിലായി.
അകന്നിരുന്നാലും പ്രണയം പങ്കുവയ്ക്കാന്‍ തടസമില്ലെന്ന് ഉറപ്പിച്ചു ബോബ്. അങ്ങനെ വിവാഹ വാര്‍ഷിക ദിനത്തിന്റെ അന്ന് രാവിലെ ഭാര്യയെ താമസിപ്പിച്ചിരിക്കുന്ന നഴ്സിങ് ഹോമിന്റെ പുറത്ത് ബോബ് എത്തി. കൈയില്‍ നിറയെ ബലൂണുകള്‍, ഒപ്പം ഒരു ബോര്‍ഡും. ‘കഴിഞ്ഞ 67 വര്‍ഷവും ഞാന്‍ നിന്നെ സ്നേഹിച്ചു. ഇപ്പോഴും… ഹാപ്പി ആനിവേഴ്സറി…’ എന്നാണ് ആ ബോര്‍ഡില്‍ പ്രണയപൂര്‍വ്വം ബോബ് കുറിച്ചത്. ഒരു ചില്ലുജാലകത്തിനപ്പുറവും ഇപ്പുറവും നിന്ന് അവര്‍ ആ വിവാഹ വാര്‍ഷിക ദിനം സുന്ദരമാക്കി.