ഭൂമി ഒരു ഇടവേളയെടുത്തപ്പോൾ..-കൊവിഡ്-19 ലോക കാഴ്ചകൾ
118 രാജ്യങ്ങളിലാണ് കൊവിഡ്-19 പടർന്നു പിടിച്ചിരിക്കുന്നത്. വളരെ ഭയാനകമായ ഒരു സാഹചര്യത്തിലൂടെ ലോകം കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. തിരക്കോടെ ആളുകൾ ഓടിനടന്ന ദിനങ്ങൾ മാറി പൊതുവിടങ്ങളെല്ലാം ഒഴിഞ്ഞ സാഹചര്യമാണ് ഇപ്പോൾ.
കൊറോണ വൈറസ് പടരുന്നതിന് പ്രതിരോധം തീർക്കാൻ സ്കൂളുകൾ നിർബന്ധിതമായി അവധി പ്രഖ്യാപിച്ചു. കുട്ടികളുടെ വാർഷിക പരീക്ഷകൾ പോലും നടത്താൻ സാധിച്ചിട്ടില്ല. കാരണം ആളുകൾ കൂട്ടംകൂടുന്ന ഒരു അവസ്ഥ ഒഴിവാക്കണമായിരുന്നു.
പള്ളികൾ, ക്ഷേത്രങ്ങൾ തുടങ്ങി ആരാധനാലയങ്ങളെല്ലാം ഒഴിഞ്ഞു കിടക്കുകയാണ്. പ്രാർത്ഥന പോലും മാറ്റിവെച്ചു. പല മേഖലകളും അവധിയിലാണ്. ആകെ സജീവമായിരിക്കുന്നത് ആശുപത്രികൾ മാത്രമാണ്. ഈ സാഹചര്യത്തിൽ ലോകമെമ്പാടും ഏറ്റവും ജനസാഗരങ്ങൾ എത്തിയിട്ടുള്ള സ്ഥലങ്ങളുടെ ചിത്രങ്ങൾ ആരെയും അമ്പരപ്പിക്കുകയാണ്.
മക്കയും ഇറ്റലിയിലെ വെനീസും ഒക്കെ ആളൊഴിഞ്ഞു കിടക്കുന്ന കാഴ്ച സത്യത്തിൽ ഞെട്ടിക്കുന്നത് തന്നെയാണ്. ഏറ്റവും ജനസാന്ദ്രതയുള്ള ചൈനയിലെ ഹൈവേ നെറ്റ്വർക്ക് വാഹനങ്ങളില്ലാതെ കാണുമ്പോൾ ആ ഭീകരത കൂടുതൽ വ്യക്തമാകുകയാണ്.