കൊവിഡ്- 19: ഫോണുകളിലും ടാപ്പുകളിലും തൊടുന്നതിന് മുൻപ് അറിയാൻ
വിട്ടൊഴിയാത്ത കൊറോണ ഭീതിയിലാണ് ലോക ജനത. തുടക്കത്തിൽ ചൈനയിൽ കണ്ടെത്തിയ കൊറോണ വൈറസ് സാന്നിധ്യം ഏകദേശം നൂറ് രാജ്യങ്ങളിൽ എത്തിക്കഴിഞ്ഞു. അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൂർണമായും പാലിക്കപ്പെടണം. പൊതു ഇടങ്ങളിലെ പരിപാടികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വൈറസിന്റെ വ്യാപനം തടയാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൊവിഡ്- 19 ബാധിച്ചവർ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ അവരിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരും. രോഗി തുമ്മുമ്പോൾ അവരുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരാറുണ്ട്. ഏകദേശം 24 മണിക്കൂറിലധികം അവയിൽ വൈറസിന് നിലനിൽക്കാനാകും. ഇതിൽ സപർശിച്ച ശേഷം ആ കൈകൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ ഒക്കെ തൊടുമ്പോഴാണ് രോഗാണുക്കൾ ആളുകളിലേക്ക് പരക്കുന്നത്. രോഗികളിൽ നിന്നും മൂന്ന് അടിയെങ്കിലും അകലത്തിൽ വേണം നിൽക്കാൻ.
ദിവസവും ഏറ്റവും കൂടുതൽ നാം ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഫോൺ. ദിവസവും പല സ്ഥലങ്ങളിലും പല പ്രാവശ്യം നാം ഫോൺ വയ്ക്കാറുണ്ട്. അതുകൊണ്ടുതന്നെ ഫോണിൽ രോഗാണുക്കൾ കയറാൻ എളുപ്പമാണ്. അതിനാൽ ഇടക്കിടെ ഫോണിന്റെ പ്രതലം സാനിറ്റൈസ് ചെയ്യാൻ ശ്രമിക്കണം.
പൊതു ഇടങ്ങളിലെ ടാപ്പുകളിലും അണുക്കൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതിനാൽ കൈ കഴുകിയശേഷം ടാപ്പിൽ തൊടാതിരിക്കുക. അല്ലെങ്കിൽ ടിഷ്യു പേപ്പറോ മറ്റോ ഉപയോഗിച്ച് മാത്രം ടാപ്പ് തുറക്കുകയും അടക്കുകയും ചെയ്യുക.
പൊതുഇടങ്ങളിലെ കസേരകളിലും വാഹനങ്ങളുടെ സീറ്റുകളിലുമൊക്കെ സ്പർശിച്ച ശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.