കൊവിഡ്-19 : പുതിയ ചിത്രങ്ങൾക്ക് സെപ്റ്റംബർ 30 വരെ തിയേറ്റർ നൽകില്ല
കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി സെപ്റ്റംബർ 30 വരെ പുതിയ സിനിമകൾക്ക് തിയേറ്റർ നൽകില്ല. ചിത്രീകരണം നിർത്തിവച്ചതും ഇനി തുടങ്ങാനിരിക്കുന്നതുമായ സിനിമകൾക്കാണ് തിയേറ്റർ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. തിയേറ്റർ ഉടമകളും നിർമാതാക്കളും വിതരണക്കാരും സംയുക്തമായാണ് ഈ തീരുമാനം എടുത്തത്. അതേസമയം കൊറോണ വൈറസ് ബാധയെത്തുടർന്ന് സിനിമ ചിത്രീകരണം മാർച്ച് 31 വരെ നിർത്തിവച്ചിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം തിയേറ്ററുകൾ മാർച്ച് 31 വരെയാണ് നിലവിൽ അടച്ചിട്ടിരിക്കുന്നത്.
ഇതോടെ ചിത്രീകരണം ആരംഭിച്ച 12 ഓളം സിനിമകളാണ് അനശ്ചിതത്വത്തിൽ ഉള്ളത്. അവധിക്കാലം, ഓണം, വിഷു റിലീസായി ആരംഭിച്ച ചിത്രങ്ങളാണ് മുടങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് ഭീതി പൂർണമായും ഇല്ലാതായതിന് ശേഷം സർക്കാരിന്റെ നിർദ്ദേശപ്രകാരം മാത്രമേ ഇനി തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുകയുള്ളുവെന്നും സിനിമ മേഖല അറിയിച്ചു. അതിന് പുറമെ റിലീസ് മുടങ്ങിയ ചിത്രങ്ങൾക്ക് മതിയായ പ്രദർശനം നൽകാനും തീരുമാനം ഉണ്ട്.