കൊവിഡ്-19 ഭീതി; ആഭ്യന്തര മത്സരങ്ങളിൽ നിർണായക അറിയിപ്പുമായി ബി സി സി ഐ
കൊവിഡ്-19 ഭീതിയിൽ നിർണായക പ്രഖ്യാപനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബി സി സി ഐ. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആഭ്യന്തര മത്സരങ്ങളെല്ലാം മാറ്റി വയ്ക്കുകയാണ് ബി സി സി ഐ. ഐ പി എൽ മത്സരങ്ങൾ മാറ്റിവയ്ക്കില്ല എന്ന നിലപാട് പിൻവലിച്ചതിനു പിന്നാലെയാണ് ബി സി സി ഐ ആഭ്യന്തര മത്സരങ്ങളും റദ്ദാക്കിയത്.
ഇറാനി കപ്പ്, വനിതാ ഏകദിന ചലഞ്ചര് ട്രോഫി, വനിതാ അണ്ടര് 19 നോക്കൗട്ട് ടൂര്ണമെന്റ്, വനിതാ അണ്ടര് 19 ടി-20 ലീഗ്, സൂപ്പര് ലീഗ് & നോക്കൗട്ട്, വനിതാ അണ്ടര് 19 ടി20 ചലഞ്ചര് ട്രോഫി, വനിതാ അണ്ടര് 23 നോക്കൗട്ട്, വനിതാ അണ്ടര് 23 ഏകദിന ചലഞ്ചര് ട്രോഫി എന്നിവയാണ് ഇപ്പോള് മാറ്റിവെയ്ക്കപ്പെട്ട ടൂര്ണമെന്റുകള്.
ജനങ്ങൾ ഒത്തുകൂടാൻ ഏറ്റവും സാധ്യതയുള്ള ഒന്നാണ് ക്രിക്കറ്റ് മത്സരങ്ങൾ. അതുകൊണ്ട് തന്നെ മത്സരങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നവർ അത് അടച്ചിട്ട സ്റ്റേഡിയത്തിൽ വേണമെന്ന് കായിക മന്ത്രാലയം സ്പോർട്സ് ഫെഡറേഷനുകൾക്ക് നിർദേശം നൽകിയിരുന്നു.
ഈ മാസം 29നാണ് ഐ പി എൽ മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്. ഇത് ഏപ്രിൽ പതിനഞ്ചിലേക്കാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര റദ്ദാക്കി കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് എത്തിയത്.