ഏത് എടിഎമ്മില്‍ നിന്നും പണം എടുക്കാം; സര്‍വീസ് ചാര്‍ജ് ഇല്ല, മിനിമം ബാലന്‍സും ഒഴിവാക്കി

March 24, 2020

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രത്യേക തീരുമാനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇനി ഏത് എടിഎമ്മില്‍ നിന്നു വേണമെങ്കിലും ഉപഭോക്താക്കള്‍ക്ക് പണം പിന്‍വലിക്കാം. അടുത്ത മൂന്നു മാസത്തേയ്ക്കാണ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഏത് ബാങ്കിന്റെ എടിഎമ്മില്‍ നിന്നു വേണമെങ്കിലും പണം പിന്‍വലിക്കാന്‍ സാധിക്കും. പണം ഈടാക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കുകയില്ല ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.

ഇതിനുപുറമെ, കസ്റ്റംസ് ക്ലിയറന്‍സ് അവശ്യ സേവനമാക്കി. ജൂണ്‍ 30 വരെ കസ്റ്റംസ് ക്ലിയറന്‍സ് എല്ലാ ദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കും. കൊവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ആധായനികുതി അടയ്ക്കുന്നതിനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് 2018- 2019 വര്‍ഷത്തിലെ ആദായ നികുതി അടയ്ക്കാനുള്ള തീയതി ജൂണ്‍ 30 വരെയാണ്. ആദായനികുതി അടയ്ക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ 12-ല്‍ നിന്ന് 9 ശതമാനമായി കുറച്ചു.

ഇതിനുപുറമെ ആധാര്‍ പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതിയും ജൂണ്‍ 30-ലേക്ക് മാറ്റി. നേരത്തെ മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതി. മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ജൂണ്‍ 30 ആണ് ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള അവസാന തീയതി.