‘വളരെ നിർണായകമായിട്ടുള്ള പതിനാല് ദിവസമാണ് ഇനി നമുക്ക് മറികടക്കാൻ ഉള്ളത്;ഇത് നമ്മൾ 135 കോടി ജനങ്ങൾ ഒറ്റക്കെട്ടായി നീങ്ങേണ്ട സമയമാണ്’- കൊവിഡ്-19 മുന്നറിയിപ്പുമായി സിനിമാതാരങ്ങൾ
കനത്ത ജാഗ്രതയോടെ രാജ്യം നീങ്ങുമ്പോൾ പോലും പലരും ലോകം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ വ്യാപ്തി മനസിലാക്കാത്തവർ ആണ്. വളരെ ലാഘവത്തോടെ കൊറോണ വൈറസിനെ അഭിമുഖീകരിക്കുന്നത് കൂടുതൽ അപകടം വരുത്തിവയ്ക്കും. ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന് പറയുമ്പോഴും ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കുന്നവരും പൊതുസ്ഥലങ്ങളിൽ യാതൊരു കരുതലുകളും പുലർത്താത്തവരും ഉണ്ട്.
എന്നാൽ ഇനി വരുന്ന പതിനാലു ദിനങ്ങൾ ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതിസന്ധി ഘട്ടമാണ്. കാരണം മറ്റു രാജ്യങ്ങളിൽ ആദ്യ രണ്ടാഴ്ചയ്ക്ക് ശേഷമാണ് അസുഖ ബാധിതരിൽ പെട്ടെന്ന് വളർച്ചയുണ്ടായതും മരണങ്ങൾ സംഭവിച്ചതും. ഇന്ത്യയിൽ നിലവിൽ 129 പേരാണ് കൊറോണ വൈറസ് ബാധിതർ. ആയിരക്കണക്കിനാളുകളാണ് നിരീക്ഷണത്തിൽ ഉള്ളത്. കൂടുതൽ ജാഗ്രതയ്ക്കായി സിനിമ താരങ്ങളും പൊതുപ്രവർത്തകരുമെല്ലാം കൊവിഡ്-19നെ കരുതിയിരിക്കേണ്ട ആവശ്യകത പങ്കുവയ്ക്കുന്നു. അജു വർഗീസ്, നിവിൻ പോളി തുടങ്ങിയ സിനിമ താരങ്ങൾ മുന്നറിയിപ്പുകൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
വളരെ നിർണായകമായിട്ടുള്ള ഒരു പതിനാല് ദിവസമാണ് ഇനി നമുക്ക് മറികടക്കാൻ ഉള്ളത്. ചൈന, കൊറിയ, ഇറാൻ, ഇറ്റലി, യു കെ, സ്പെയിൻ, യു എസ് തുടങ്ങിയ രാജ്യങ്ങളിൽ അനിയന്ത്രിതമായ വളർച്ച വന്നത് ആഴ്ച 3 & 4 ൽ ആണ്. 500 മുതൽ 700 ൽ നിന്നും 10000, 20000, ഒരു ലക്ഷം വരെ എത്തിയത് ഈ സമയത്താണ് (ആഴ്ച 3 & 4). ഇന്ത്യ ഇതുവരെ ഇതിനെ നന്നായി പ്രതിരോധിച്ചു. നൂറിലധികം കേസ് മാത്രമേ റിപ്പോർട്ട് ചെയ്തിട്ടുള്ളു. യൂറോപ്യൻ രാജ്യങ്ങളെ പോലെ ഉളള ജനസംഘ്യ അല്ല ഇന്ത്യയുടേത് എന്നുകൂടെ ഓർക്കണം. 135 കോടി ആണ് നമ്മൾ. മാർച്ച് 31 വരെ വളരെ നിർണായകമാണ്. ആൾക്കൂട്ടങ്ങൾ തടയുക, പൊതു പരിപാടി ഒഴിവാക്കുക, അവധികൾ, പാർട്ടികൾ എല്ലാം ഇനിയും വരും, നമ്മൾ ഉണ്ടെങ്കിലേ ആഘോഷങ്ങൾ ഉള്ളു എന്ന് ഓർക്കണം. അമിത ആത്മവിശ്വാസം നല്ലതിനല്ല.
ഇത് നമ്മൾ 135 കോടി ജനങ്ങൾ ഒറ്റക്കെട്ടായി നീങ്ങേണ്ട സമയമാണ്. ഇന്ത്യയുടെ മെഡിക്കൽ ഹിസ്റ്ററിയിൽ സ്വർണ ലിപികളാൽ എഴുതപ്പെടേണ്ട 30 ദിവസം.
ഒരു ഉത്തരവാദിത്വമുള്ള ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രവർത്തിക്കുക. ഒരു വ്യക്തിയുടെ അനാസ്ഥ നമ്മുടെ ഗ്രാമത്തെ, പട്ടണത്തെ, ജില്ലയെ, സംസ്ഥനത്തെ, എന്തിനു പറയുന്നു…. മൊത്തം രാജ്യത്തിന് തന്നെ ദോഷം ചെയ്തേക്കാം. ഉത്തരവാദിത്വമുള്ള ഒരു ഇന്ത്യൻ!
Read More:കൊവിഡ്-19; ഇന്ത്യയിൽ 129 പേർക്ക് രോഗം സ്ഥിരീകരിച്ചു- 13 പേർക്ക് ഭേദമായി
അതേസമയം കൊവിഡ്-19 ആശങ്ക പരത്തി കൂടുതൽ വ്യാപിക്കുകയാണ്. കരുതലോടെയും ജാഗ്രതയോടെയും കൊറോണ വൈറസിനെ നേരിടാൻ തയ്യാറെടുക്കുമ്പോഴും രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് അല്പം ആശങ്കയുണർത്തുന്നുണ്ട്. ഇപ്പോൾ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 129 പേർക്കാണ്. കേരളത്തിൽ മാത്രം 27 കൊറോണ വൈറസ് ബാധിതരാണ് ഉള്ളത്.