കൊറോണയും സാധാരണ പനിയും ജലദോഷവും ;എങ്ങനെ തിരിച്ചറിയാം?
കൊറോണ വൈറസ് ലോകമെമ്പാടും ഒരു മഹാമാരിയായി മാറിയിരിക്കുകയാണ്. ഇതിനോടകം 118 രാജ്യങ്ങളിലാണ് കൊറോണ പടർന്നു പിടിച്ചിരിക്കുന്നത്. അസുഖ ബാധിതരുടെ എണ്ണവും മരണനിരക്കും അമ്പരപ്പിക്കുന്നതാണ്. മൃഗങ്ങളിലുണ്ടാകുന്ന കൊറോണ വൈറസ് രൂപമാറ്റം സംഭവിച്ച് മനുഷ്യന് അപകടകരമായി മാറിയതാണ് കൊവിഡ്-19. ചൈനയിലെ വുഹാനിൽ നിന്നുമാണ് കൊറോണ പൊട്ടിപ്പുറപ്പെട്ടത്.
പ്രതിരോധ വാക്സിനുകൾ ഇല്ല എന്നതാണ് ഏറ്റവും പ്രയാസകരം. ലക്ഷണങ്ങൾ ചികിൽസിച്ച് ഭേദമാക്കാൻ പറ്റൂ. കൊറോണ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി സാധാരണ പനിയാണോ എന്ന് തിരിച്ചറിയാൻ സാധിക്കാത്തതാണ്.
ഇൻഫ്ളുവൻസയുടെ ലക്ഷണങ്ങൾ തന്നെയാണ് ഇതിനും എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. അതിനാൽ തന്നെ പനിയും കൊറോണ വൈറസ് ബാധയും തിരിച്ചറിയാൻ പ്രയാസമാണ്.
ജലദോഷവും കഠിനമായ മൂക്കൊലിപ്പും, പനി, ചുമ, തൊണ്ടവേദന, തലവേദന, ശാരീരിക അസ്വസ്ഥതകൾ, തൊണ്ടയിലെ വീക്കം, ശ്വസനത്തിന്റെ ബുദ്ധിമുട്ടുകൾ.. ഇതൊക്കെയാണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. ഇത് തന്നെയാണ് ഇൻഫ്ളുവൻസയുടെയും.
ഒരു ഡോക്ടർക്കോ വൈദ്യരംഗത്ത് പ്രവർത്തിക്കുന്നയാൾക്കോ മാത്രമേ ഈ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കൂ. അതുകൊണ്ട് ഈ രോഗം ആദ്യ ഘട്ടത്തിൽ തിരിച്ചറിയപ്പെടാതെ പോകുന്നു. 7 മുതൽ 10 ദിവസത്തിലധികം രോഗ ലക്ഷണങ്ങൾ തുടരുകയോ മൂർച്ഛിക്കുകയോ ചെയ്യുമ്പോളാണ് കൊറോണ എന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.
അതിനാൽ ഒറ്റനോട്ടത്തിൽ അല്ലെങ്കിൽ ആദ്യത്തെ ലക്ഷണങ്ങളിൽ നിന്നും ഇൻഫ്ളുവൻസയും കൊറോണയും വേർതിരിച്ചറിയാൻ പ്രയാസമാണ്. പ്രതിരോധ ശേഷി വർധിപ്പിച്ച് ചെറുത്ത് നിൽക്കാനേ ഈ സാഹചര്യത്തിൽ സാധാരണക്കാർക്ക് പറ്റൂ.