‘ഷൂട്ടിനിടയ്ക്ക് കഥ പറയാന്‍ വന്ന സൗബിന് അങ്ങനെ സിനിമയില്‍ കഥാപാത്രമായി’; ഫഹദിന്റെ വാക്കുകള്‍
കുറഞ്ഞ കാലയളവുകൊണ്ട് വെള്ളിത്തിരയില്‍ അഭിനയത്തിന്റെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന നടനാണ് സൗബിന് ഷാഹിര്‍. ഓരോ കഥാപാത്രത്തെയും അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു താരം. സൗബിന് മലയാള സിനിമയില്‍ അഭിനയിച്ചുതുടങ്ങിയതിനെക്കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസില്‍.
ഒരു അഭിമുഖത്തിനിടെയാണ് ഫഹദ്, സൗബിന്റെ അഭിനയരംഗത്തേക്കുള്ള അരങ്ങേറ്റത്തെക്കുറിച്ച് പരാമര്‍ശിച്ചത്. “അന്നയും റസൂലും എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ഒരു കഥ പറയാന്‍ ഫഹദ് ഫാസിലിന്റെ അടുക്കലെത്തിയതാണ് സൗബിന്. അന്ന് റസൂലിന്റെ സുഹൃത്തുക്കളെ കാസ്റ്റ് ചെയ്യണം. ഫഹദ് ഫാസിലും സൗബിനും ബൈക്കില്‍ പോകുന്നത് ചിത്രത്തിന്റെ സംവിധായകനായ രാജീവ് രവി കണ്ടു. ആ കക്ഷി അഭിനയിക്കുമോ എന്നായിരുന്നു സംവിധായകന്റെ ചോദ്യം. അഭിനയിക്കുമെന്ന് ഫഹദ് മറുപടിയും പറഞ്ഞു. അങ്ങനെ സൗബിന് സിനിമയുടെ ഭാഗമായി. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം ഫഹദ്, സൗബിനോട് പറഞ്ഞതും.” ഫഹദ് ഫാസില്‍ അഭിമുഖത്തില്‍ പറഞ്ഞതാണ് ഇങ്ങനെ.
Read more: മഴ പെയ്യുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അതിശയമാണ് ഈ ബഹുനില കെട്ടിടം; വീഡിയോ
സംവിധാന സഹായി ആയിട്ടായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള സൗബിന്റെ അരങ്ങേറ്റം. പിന്നീട് അന്നയും റസൂലും എന്ന ചിത്രത്തില്‍ സഹനടനായി. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന് നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്കാരവും സൗബിനെ തേടിയെത്തി. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ പറവ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചതും സൗബിന് ഷാഹിര്‍ ആയിരുന്നു.