കൊവിഡ് 19-നുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങൾ കരുതലോടെ നേരിടാം..
ലോകമെമ്പാടുമുള്ളവർ കൊറോണ ഭീതിയിൽ കഴിയുമ്പോൾ ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ വ്യാജ പ്രചാരണങ്ങളും പടർന്നുപിടിക്കുന്നു. രോഗ പ്രതിരോധത്തെ സംബന്ധിച്ച് വ്യാജമായ നിർദേശങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ വലിയൊരു വിപത്താണ് ഇത്തരക്കാർ സൃഷ്ടിക്കുന്നത്. നൂറിലധികം രാജ്യങ്ങളിൽ കൊറോണ ബാധിച്ചതിന്റെ സാഹചര്യത്തിൽ വ്യാജ പ്രചാരണങ്ങളിൽ വീഴാതെ ജനങ്ങൾ കരുതിയിരിക്കണം.
ലക്ഷണങ്ങൾക്ക് ചികിത്സ നൽകാം എന്നല്ലാതെ കൊറോണ വൈറസിന് മരുന്ന് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. പൂർണമായി വിശ്രമിച്ച് മാത്രമേ കൊറോണയെ അതിജീവിക്കാൻ നിലവിൽ സാഹചര്യമുള്ളു.
ആരോഗ്യത്തിന് നല്ലത് എന്നതല്ലാതെ കൊറോണയെ ഇല്ലാതാക്കാൻ വെളുത്തുള്ളിക്ക് സാധിക്കില്ല. അതുകൊണ്ട് വെളുത്തുള്ളി ഉപയോഗിച്ച് കൊറോണ ഇല്ലാതാക്കാം എന്ന് ചിന്തിക്കരുത്.
തണുത്ത വെള്ളത്തിലും മഞ്ഞിലുമൊക്കെ കൊറോണ വൈറസിന് പിടിച്ച് നിൽക്കാൻ സാധിക്കില്ല എന്ന് വാദിക്കുന്നവരുണ്ട്. അത് പൂർണമായും തെറ്റാണ്. അന്തരീക്ഷത്തിൽ എത്ര തണുപ്പായാലും മനുഷ്യ ശരീരത്തിൽ 37 ഡിഗ്രി തന്നെയാണല്ലോ ചൂട്.
ചൂടും വെയിലുമൊക്കെ കൊറോണയെ തുരത്തുമെന്നത് തെറ്റാണ്. ചൂട് നൽകിയാലും ശരീരോഷ്മാവ് അതേപടി തുടരും. മദ്യവും ക്ലോറിനും ശരീരത്ത് തളിച്ചാൽ കൊറോണ വൈറസ് ഇല്ലാതാകുമെന്ന് പറയുന്നവരുണ്ട്. സാനിറ്റൈസറിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ടെങ്കിലും അത്രത്തോളം മദ്യത്തിൽ ഇല്ല. അതിനാൽ സാനിറ്റൈസറായി മദ്യമൊന്നും ഉപയോഗിച്ചിട്ട് കാര്യമില്ല.