ഭക്ഷണ മെനു കണ്ട് അമ്പരക്കേണ്ട..ഫൈവ് സ്റ്റാർ ഹോട്ടൽ അല്ല, ഇതാണ് കേരളത്തിലെ ഐസൊലേഷൻ വാർഡ് !
ഐസൊലേഷൻ എന്നാൽ അടച്ച് മൂടി ഒരു മുറിയിൽ ഇരിക്കുക എന്നതാണ് പൊതുവെ ഒരു ധാരണ. അതുകൊണ്ട് കൂടിയാണ് ചിലരൊക്കെ ഐസൊലേഷനിൽ ഇരിക്കാൻ തയ്യാറാകാത്തതിന് പിന്നിലും. എന്നാൽ കൊറോണയെ തുരത്തി നല്ലൊരു നാളേക്കായി കാത്തിരിക്കുന്ന കേരളം ഐസൊലേഷൻ വാർഡിലെ ഭക്ഷണ കാര്യത്തിലും സൗകര്യങ്ങളിലും നൽകുന്ന മികവ് ഏതൊരാളെയും അമ്പരപ്പിക്കും.
എറണാകുളം ജില്ലാ കളക്ടർ പുറത്ത് വിട്ട ഒരു ചിത്രമാണ് ആളുകൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഐസൊലേഷനിൽ കഴിയുന്നവർക്ക് നൽകുന്ന ഭക്ഷണം ഫൈവ് സ്റ്റാർ നിലവാരത്തിലുള്ളതാണ്. കേരളീയർക്കും വിദേശികൾക്കും രണ്ടു തരത്തിലുള്ള മെനു ആണ്.
പ്രഭാത ഭക്ഷണമായി മലയാളികൾക്ക് ദോശ, സാമ്പാർ, രണ്ടു പുഴുങ്ങിയ മുട്ട, ഒരു ലിറ്റർ കുപ്പി വെള്ളം, ഓറഞ്ചും ചായയും ജ്യൂസും. ഉച്ച ഭക്ഷണത്തിൽ ചപ്പാത്തി, ചോറ്, തൈര്, വറുത്ത മീൻ, തോരൻ, കറി ഒപ്പം വെള്ളവും. ഇത് പന്ത്രണ്ട് മണിക്കാണ് എത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് ചായയും ബിസ്കറ്റും പഴം പൊരിയോ ചായയോ ഉണ്ടാകും. ഏഴുമണിക്ക് അത്താഴവും എത്തും. അപ്പവും വെജിറ്റബിൾ സ്റ്റൂവും രണ്ടു വാഴപ്പഴവും.
വിദേശികൾക്ക് രാവിലെ സൂപ്പ്, വെള്ളരി, ഓറഞ്ചും വാഴപ്പഴവും, രണ്ടു മുട്ട, മറ്റു പഴങ്ങൾ ഒപ്പം വെള്ളവും നൽകും. ഉച്ചയ്ക്ക് ടോസ്റ്റ് ചെയ്ത ബ്രഡ്,ചീസും പഴങ്ങളും. വൈകിട്ട് ഫ്രൂട്ട് ജ്യൂസ് നൽകും. രാത്രിയിൽ ടോസ്റ്റ് ചെയ്ത റൊട്ടി, മുട്ട ചിക്കിയതും.
ആഹാരത്തിനു പുറമെ വായിക്കാൻ പത്രങ്ങളും നൽകും. വളരെ കരുതലോടെയാണ് കേരള സർക്കാർ കൊറോണ കാലത്തെ അഭിമുഖീകരിക്കുന്നത്. വളരെ ശ്രദ്ധയും രോഗികൾക്കും നിരീക്ഷണത്തിൽ ഉള്ളവർക്കും പ്രത്യേകം പരിഗണനയും ആരോഗ്യ വകുപ്പും ഉറപ്പാക്കുന്നുണ്ട്.