ആൾക്കൂട്ടത്തിനൊപ്പം നൃത്തം ചെയ്യുന്ന വിദേശി, കൊറോണ സ്ഥിരീകരിച്ച ആളല്ല; സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട വീഡിയോ വ്യാജം

March 18, 2020

ലോകത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദ്ദേശങ്ങളാണ് അധികൃതർ നൽകുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ നിരവധി വ്യാജ വാർത്തകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇത്തരക്കാർക്ക് എതിരെ കർശനമായ നിയമനടപടികൾ എടുക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

വർക്കലയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദേശിയുടേത് എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഉത്സവ പറമ്പിൽ അവിടുത്തെ ആളുകൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ്.

ഇറ്റാലിയൻ സ്വദേശിയുടേത് എന്ന പേരിൽ പങ്കുവെച്ച വീഡിയോ കൊല്ലത്ത് മെഡിക്കൽ ട്രീറ്റ്‌മെന്റിന് എത്തിയ അയ്മർ ലോയിക് എന്ന ഫ്രഞ്ച് വിദേശിയുടേതാണ്. ഫെബ്രുവരി 26 ന് കൊല്ലത്ത് എത്തിയ ഇദ്ദേഹം മാർച്ച് 3 ന് തിരികെ പോയിരുന്നു. അതേസമയം കൊറോണ വൈറസ് സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി മാർച്ച് എട്ടിന് പരിപ്പള്ളിയിലെ കൊടിമൂട്ടിൽ ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുത്തിരുന്നു.

അതേസമയം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ട ഈ വീഡിയോ ഇതിനോടകം നിരവധി ആളുകൾ കണ്ടുകഴിഞ്ഞു. “വർക്കലയിൽ കോറോണ കൊണ്ടുവന്ന സായിപ്പ്.., കൂടെ തുള്ളിയവരും, കണ്ടു നിന്നവരും ഇപ്പോൾ ഐസൊലേഷൻ വാർഡിൽ…” എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.