കൊറോണക്കാലത്ത് കഥയെഴുതൂ സിനിമയാക്കാം: ജൂഡ് ആന്റണി
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. ജനങ്ങൾക്കൊപ്പം സിനിമ മേഖലയിൽ ഉള്ളവരും രാഷ്ട്രീയനേതാക്കളുമെല്ലാം നിരവധി ബോധവത്കരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കൊറോണക്കാലത്ത് വീടുകളിൽ ഇരിക്കുന്നവർക്ക് മുന്നിൽ പുതിയ ആശയവുമായി എത്തുകയാണ് നടനും സംവിധായകനുമായ ജൂഡ് ആന്റണി.
കൊറോണക്കാലത്ത് വീട്ടിൽ ഇരിക്കുമ്പോൾ കഥയെഴുതി തനിക്ക് അയക്കാനാണ് ജൂഡ് ആന്റണി പറയുന്നത്. നല്ല കഥയാണേൽ അത് സിനിമയാക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു. സമൂഹമാധ്യങ്ങൾ നിറഞ്ഞ കൈയടിയാണ് അദ്ദേഹത്തിന്റെ ഈ ആശയത്തിന് ലഭിക്കുന്നതും.
ജൂഡ് ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
വീട്ടിൽ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവർക്കും എനിക്കും ഒരു എന്റർടൈൻമെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ പണ്ടെപ്പോഴോ തോന്നിയ കഥകൾ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ. ഞാൻ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യർത്ഥിക്കുന്നു. Send your stories/scripts/synopsis to [email protected].’
അതേസമയം പ്രളയകാലത്തെ ആസ്പദമാക്കി ഒരുക്കുന്ന 2403 ആണ് ജൂഡ് ആന്റണിയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രം. അതോടൊപ്പം സിജു വില്‍സണ്‍ നായകനായെത്തുന്ന ‘വരയന്‍’ ചിത്രത്തിലാണ് ജൂഡ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ഒരു വൈദികന്റെ കഥാപാത്രത്തെയാണ് ജൂഡ് ആന്റണി അവതരിപ്പിക്കുന്നത്.