കടുകുമണിക്കൊരു കണ്ണുണ്ട്; സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ സിത്താരയുടെ ആലാപനം
ചില ഗാനങ്ങളിലെ വ്യത്യസ്തത പലപ്പോഴും ആസ്വാദകരെ അത്ഭുതപ്പെടുത്താറുണ്ട്. ഇപ്പോഴിതാ വിഷ്ണു ശോഭനയുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി സിത്താര കൃഷ്ണകുമാർ ആലപിച്ച ‘കടുകുമണിക്കൊരു കണ്ണുണ്ട്..’ എന്ന മനോഹര ഗാനമാണ് ഏറെ ശ്രദ്ധ നേടുന്നത്. കപ്പേള എന്ന ചിത്രത്തിലേതാണ് ഗാനം.
അന്ന ബെന്നും റോഷൻ മാത്യൂസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കപ്പേള’. ദേശീയ പുരസ്കാര ജേതാവും നടനുമായ മുസ്തഫ ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് കപ്പേള. അതേസമയം മുഹമ്മദ് മുസ്തഫയ്ക്കൊപ്പം നിഖില്‍ വാഹിസ്, സുദാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
അന്ന ബെന്നിനും റോഷനുമൊപ്പം ശ്രീനാഥ് ഭാസിയും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ശ്രീനാഥ് ഭാസി ആദ്യമായി വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കപ്പേളയ്ക്കുണ്ട്. തന്വി റാം, സുധി കോപ്പ, ജാഫര്‍ ഇടുക്കി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. പ്രണയവും പ്രതികാരവും ആകാംഷയും നിറച്ചാണ് ട്രെയ്ലർ ഒരുക്കിയിരിക്കുന്നത്.
കഥാസ് അൺടോൾഡ് ആണ് ചിത്രത്തിന്റെ നിർമാണം. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന് ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു.
അന്ന ബെന്നിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രം ഹെലൻ ആണ്. സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. അന്ന ബെന്നിന് ഒട്ടേറെ പ്രശംസകൾ നേടിക്കൊടുത്ത ചിത്രം സംവിധാനം നിർവഹിച്ചത് മാത്തുക്കുട്ടി സേവ്യർ ആണ്.
റോഷൻ മാത്യുവിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയത് മൂത്തോൻ ആണ്. സ്വവർഗ അനുരാഗത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ നിവിൻ പോളിക്കൊപ്പം മികച്ച പ്രകടനമാണ് റോഷൻ കാഴ്ചവെച്ചത്. ഗീതു മോഹൻദാസാണ് ചിത്രം സംവിധാനം നിർവഹിച്ചത്.