പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു

പത്തനംതിട്ടയിൽ 5 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽ നിന്നും വന്ന മൂന്നുപേർക്കും ഇവരുടെ ബന്ധുക്കളായ രണ്ടുപേർക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. റാന്നി സ്വദേശികളാണ് ഇവർ.
ഫെബ്രുവരി 29ന് ഖത്തർ എയർവേസ് QR 126 വെനീസ്-ദോഹ ഫ്ളൈറ്റിൽ വന്നവരും, QR 514 ദോഹ-കൊച്ചി ഫ്ളൈറ്റിൽ വന്നവരും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം എന്ന നിർദേശമുണ്ട്.
60 വയസിനു താഴെയുള്ള രണ്ടുപേരും, 23 വയസുള്ള ഒരാളുമാണ് അസുഖ ബാധിതരായത്. ഇവർ വിമാനത്താവളത്തിൽ പരിശോധനയ്ക്ക് വിധേയരായില്ല. ബന്ധുവീടുകളിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു ഇവർ. ബന്ധുക്കളായ രണ്ടുപേർ രോഗ ലക്ഷണങ്ങളോടെ എത്തിയപ്പോളാണ് രോഗം സ്ഥിരീകരിച്ചത്.മൂന്നു പേരുടെ ഭാഗത്ത് നിന്നും സംഭവിച്ചത് നിരുത്തരവാദപരമായ വീഴ്ച എന്നാണ് ആരോഗ്യമന്ത്രി പ്രതികരിച്ചത്. 90 വയസിനോടടുത്ത 2 പേർ രോഗലക്ഷണങ്ങളോടെ ഇവരുടെ കുടുംബത്തിലുമുണ്ട്.
ഇവർ സഞ്ചരിച്ച ഫ്ളൈറ്റിൽ 83 പേരാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന. കൊറോണ ബാധയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കണം.