മാസ്‌ക്കുകൾക്കും സാനിറ്റൈസറുകൾക്കും അമിത വില; മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രിയുടെ മുന്നറിയിപ്പ്

March 9, 2020

രാജ്യത്ത് ഇപ്പോൾ കൊറോണ സ്ഥിരീകരിച്ചത് 42 പേർക്കാണ്. രാജ്യം വളരെ ശ്രദ്ധയോടെ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ഒരുവശത്ത് വലിയ മുതലെടുപ്പാണ് നടക്കുന്നത്. കൊറോണപ്പേടിയിൽ ജനം വലയുമ്പോൾ ആകെ ആശ്വാസം ഫേസ് മാസ്ക്കുകളാണ്. എന്നാൽ സാഹചര്യം മുതലെടുത്ത് മാസ്‌ക്കുകൾക്ക് കുത്തനെ വില ഉയർത്തിയിരിക്കുകയാണ് വിൽപ്പനക്കാർ. നാലോ അഞ്ചോ രൂപ മാത്രമുണ്ടായിരുന്ന ശസ്ത്രക്രിയ മാസ്‌ക്കുകൾക്ക് മുപ്പത് രൂപ വരെയാണ് വാങ്ങുന്നത്.

എൻ95 മാസ്ക്കിന് മുൻപ് 50 രൂപയായിരുന്നു വില. എന്നാൽ ഇപ്പോളത് കുത്തനെയുയർന്ന് 200-300 രൂപയാണ് ഈടാക്കുന്നത്. ഇത് തെറ്റായ പ്രവണതയാണ്. ചിലർ മാസ്‌ക്കുകൾ പൂഴ്ത്തിവയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ ഈ രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കല്‍ ഷോപ്പുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 കേരളത്തിൽ 6 പേർക്ക് ആണ് ഇപ്പോൾ കൊവിഡ് 19 സ്ഥിരീകരിച്ചത്. പത്തനംതിട്ടയിൽ അഞ്ചുപേർക്കും കൊച്ചിയിൽ ഒരാൾക്കുമാണ് റിപ്പോർട്ട് ചെയ്തത്.

വിദേശത്ത് നിന്നുമെത്തിയവർ ജാഗ്രത നിർദേശങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനാൽ പത്തനംതിട്ടയിലും മറ്റുമായി 3000 പേരാണ് നിരീക്ഷണത്തിൽ. ഇന്ത്യയില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 42 ആയി.