“നീ പോടാ കൊറോണാ വൈറസേ…” പഞ്ച് ഡയലോഗുമായി കൊച്ചുമിടുക്കന്റെ മുന്‍കരുതല്‍; വീഡിയോ വൈറല്‍
നൂറിലധികം രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച കൊറോണ വൈറസിനെ ചെറുക്കാനുള്ള ശ്രമം തുടരുകയാണ് ലോകത്ത്. ഇന്ത്യയും കേരളവും കനത്ത ജാഗ്രത തുടരുന്നുണ്ട്. സംസ്ഥാനത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നിരിക്കുകയാണ് രണ്ട് കൊച്ചു മിടുക്കന്മാര്. എല്‍ കെ ജിയില്‍ പഠിക്കുന്ന അനിയനെ നായകനാക്കി എട്ടാം ക്ലാസുകാരന് നിരഞ്ജന് സംവിധാനം ചെയ്ത ഒരു വീഡിയോ ശ്രദ്ധനേടുന്നു. ലോകാരോഗ്യ സംഘടന നല്കുന്ന നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളുമെല്ലാം ഈ വീഡിയോയില്‍ മിടുക്കന്മാര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ധനമന്ത്രി തോമസ് ഐസക്കും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
വീഡിയോയെക്കുറിച്ച് ധനമന്ത്രിയുടെ വാക്കുകള്‍
‘നീ പോടാ കൊറോണാ വൈറസേ’ എന്ന പഞ്ച് ലൈനുമായി നിരഞ്ജനും നീരജും ചേര്‍ന്ന് പുറത്തിറക്കിയ വീഡിയോയുടെ രണ്ടാം ഭാഗവും കൗതുകകരമാണ്. പകര്‍ച്ചവ്യാധി തടയാന്‍ ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചതു പ്രകാരം വിശദമായി കൈകഴുകുന്ന നീരജിന്റെ ദൃശ്യത്തോടെയാണ് പുതിയ വീഡിയോ ആരംഭിക്കുന്നത്.
‘വെള്ളത്തില്‍ കളിക്കരുത്’ എന്ന അമ്മയുടെ വാണിംഗിന് ‘ഇങ്ങനെ കളിച്ചില്ലെങ്കില്‍ പണി കിട്ടുമമ്മേ’ എന്നാണ് കുട്ടിയുടെ കൗണ്ടര്‍. തുടര്‍ന്ന് ചുമയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാന്‍ഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്. നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ എന്ന പഞ്ച് ലൈനോടെയാണ് പുതിയ വീഡിയോ അവസാനിക്കുന്നത്.
Read more: മഴ പെയ്യുമ്പോള്‍ ഉയരുന്നത് മനോഹര സംഗീതം; അതിശയമാണ് ഈ ബഹുനില കെട്ടിടം; വീഡിയോ
അനിയനെ താരമാക്കി നിരഞ്ജനാണ് സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ സഹോദരങ്ങള്‍. നിരഞ്ജന് എട്ടാം ക്ലാസിലും നീരജ് എല്‍കെജിയിലും. സ്കൂളിലെ സിനിമാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നിരഞ്ജന്. നമ്മളില്‍ നിന്ന് ആരിലേയ്ക്കും കൊറോണാ പടരാന്‍ ഇടവരരുത് എന്ന സന്ദേശമായിരുന്നു ആദ്യ വീഡിയോയില്‍.
കൊറോണയ്ക്കെതിരെയുള്ള നമ്മുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചെറിയ കുട്ടികളടക്കം പങ്കുചേരുകയാണ്.