‘വകതിരിവില്ലാതെ കടന്നുവരും കൊറോണ, പക്ഷെ ഇപ്പോൾ നമുക്ക് തടയാൻ സാധിക്കും’- ബോധവത്കരണവുമായി താരങ്ങൾ
അതീവ ജാഗ്രത വേണ്ട ദിവസങ്ങൾ കടന്നുവരികയാണ്. വളരെ കരുതൽ പുലർത്തി സർക്കാർ നിർദേശങ്ങൾ അംഗീകരിക്കുന്നവരും അതിനൊപ്പം വളരെ ലാഘവത്തോടെ നമുക്ക് വരാൻ സാധ്യതയില്ല എന്ന രീതിയിൽ പെരുമാറുന്നവരും ഉണ്ട്. അതുകൊണ്ട് തന്നെ ഞായറാഴ്ച പ്രഖ്യാപിച്ച ജനത കർഫ്യുവിന് വലിയ പ്രാധാന്യവും ഉണ്ട്. ജനത കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താരങ്ങൾ മുൻപോട്ട് വന്നെങ്കിലും ജനങ്ങൾക്ക് കൂടുതൽ നിർദേശങ്ങൾ വീണ്ടും നൽകുകയാണ് ഇവർ. മമ്മൂട്ടി, മോഹൻലാൽ, മഞ്ജു വാര്യർ തുടങ്ങിയവർ ജനത കർഫ്യുവിന്റെ ആവശ്യകത അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
മമ്മൂട്ടി
വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷെ ഇപ്പോൾ നമുക്ക് തടയാൻ സാധിക്കും ഈ വൈറസിന്റെ വ്യാപനത്തെ.. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനത കർഫ്യുവിന് ഞാനുമുണ്ട് നിങ്ങളുടെ കൂടെ.. നമുക്കൊരുമിച്ച് നിൽക്കാം .സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതൽ..
മോഹൻലാൽ
ലോകത്തെ സ്തംഭിപ്പിച്ച കൊവിഡ്-19 ഇന്ത്യയിൽ അടുത്ത ഘട്ടത്തിന്റെ പടിവാതിൽക്കലാണ്. സമൂഹ വ്യാപനമെന്ന മാരകമായ ഘട്ടം നമുക്ക് ഒറ്റകെട്ടായി മറികടന്നേ തീരു. ഇതിനായി ജനങ്ങളെ സ്വയം സജ്ജരാക്കാൻ മാർച്ച് 22ന് ജനത കർഫ്യു ആചരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. നമ്മുടെ മുഖ്യമന്ത്രിയും അതിന് പിന്തുണ നല്കികഴിഞ്ഞിരിക്കുന്നു. രാവിലെ 7 മണി മുതൽ രാത്രി ഒൻപതു മണിവരെ വീടിനു പുറത്തിറങ്ങാതെ നമുക്കും ജനത കർഫ്യുവിൽ അണിചേരാം. മറ്റെല്ലാം മാറ്റിവെച്ച് ഒരു വലിയ വിപത്തിന്റെ വ്യാപനം തടയാൻ രാജ്യത്തിൻറെ പരിപൂർണമായ ഭാവിക്ക് വേണ്ടി ജനത കർഫ്യുവിന്റെ ഭാഗമാകാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.
മഞ്ജു വാര്യർ
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനത കർഫ്യു നാം നമ്മുടെ നാടിനു വേണ്ടി ചെയ്യുന്നതാണ്. ഇത് നാം ചെയ്തേ തീരു. സർക്കാരുകൾ പറയുന്ന എല്ലാ മുൻകരുതലുകളും നമുക്ക് അനുസരിക്കാം. ഒരേ മനസോടെ ഒന്നിച്ച് നിൽക്കാം.