‘ഇവിടെ നമ്മൾ തോറ്റുപോയാൽ പിന്നീട് കാത്തിരിക്കുന്നത് വളരെ വലിയ ദുരന്തമാണ്,ദയവായി പുറത്തിറങ്ങരുത്’- മഞ്ജു വാര്യർ
രാജ്യം മുഴുവൻ ലോക്ക് ഡൗൺ നിലവിൽ വന്നിരിക്കുകയാണ്. അതീവ ഗുരുതരമായ സാഹചര്യങ്ങളിൽ മാത്രം പ്രഖ്യാപിക്കുന്ന ഒന്നായിട്ട് പോലും പലരും ലോക്ക് ഡൗൺ കാര്യമാക്കുന്നില്ല. കാഴ്ച കാണാനെന്ന പോലെ നിരത്തുകളിലും ടൗണിലുമൊക്കെ കൂട്ടമായി ആളുകൾ എത്തുന്നത് ചെറിയ തോതിൽ അല്ല ആശങ്കയുണർത്തുന്നത്. നിയമം നടപ്പിലാക്കാൻ ശ്രമിക്കുന്ന പൊലീസ് സേനയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുകയാണ് ഇത്തരക്കാരുടെ പ്രവർത്തി.
ഈ ഘട്ടത്തിൽ ആരും പുറത്തിറങ്ങരുതെന്ന് അപേക്ഷിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മഞ്ജു വാര്യർ. തുടക്കം മുതൽ തന്നെ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ബോധവൽക്കരണ വീഡിയോകൾ മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ട് പോലും ആളുകൾ പുറത്തേക്കിറങ്ങുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു എന്നാണ് മഞ്ജു വാര്യർ പ്രതികരിച്ചത്.
‘ആവർത്തിച്ചു പറഞ്ഞിട്ടും പലരും പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ കാണുകയുണ്ടായി. ഇവരെയൊക്കെ നിയന്ത്രിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് വലിയൊരു സമയം ചിലവിടേണ്ടി വരുന്നു. മരുന്നും അത്യാവശ്യസാധനങ്ങളൊക്കെ വാങ്ങാൻ പുറത്തുപോകാം. പക്ഷേ വെറുതെ പുറത്തുപോകുമ്പോൾ തകർന്നുപോകുന്നത് കോടിക്കണക്കിന് ആളുകളുടെ അധ്വാനമാണ്. സഹായത്തിന് സർക്കാർ മുന്നിലുണ്ടെന്ന് പറയുമ്പോൾ വിശ്വസിക്കണം. ഇത് വളരെ നിർണായകമായ ഘട്ടമാണ്.’
‘ഇവിടെ നമ്മൾ തോറ്റുപോയാൽ പിന്നീട് നമ്മളെ കാത്തിരിക്കുന്നത് വളരെ വലിയ ദുരന്തമാണ്. ഈ നാട് മുഴുവൻ ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്. വൈറസിന്റെ വ്യാപനം തടയുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ദൗത്യവും ഉത്തരവാദിത്തവുമാണ്.’–മഞ്ജു വാര്യർ പറയുന്നു.
ദിനംപ്രതി രോഗ ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കേരളത്തിൽ ഇന്നലെ മാത്രം 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.