ഒന്നര ഏക്കർ ടാങ്കിൽ വെള്ളമുപയോഗിച്ച് ഒരു മനോഹര കടൽ; മരയ്ക്കാറിൽ ഒരുങ്ങിയ വമ്പൻ സെറ്റിന് പിന്നിൽ
ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സംഹം’. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് പ്രിയദർശൻ ആണ്. അതേസമയം ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഒരുക്കിയിരിക്കുന്ന സെറ്റാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.
ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ സാബു സിറിൽ ആണ്. ഒന്നര ഏക്കർ വരുന്ന ഒരു ടാങ്ക് ഉണ്ടാക്കി അതിൽ ഒരു മനോഹര കടൽ സൃഷ്ടിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അതേസമയം താൻ എന്ത് ആവശ്യപ്പെട്ടാലും അത് വളരെ മനോഹരമാക്കി സിറിലും ടീമുകളും ചേർന്ന് ഉണ്ടാക്കിനൽകുമെന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ.
58 ലക്ഷം ഗാലണ്‍ വെള്ളം നിറച്ചാണ് കടൽ ഉണ്ടാക്കിയിരിക്കുന്നത്. കടലിൽ മൂന്ന് കപ്പലുകളും അതിൽ വളരെ മനോഹരമായ തിരകളും അദ്ദേഹം ഒരുക്കി. 102 ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണ വേളയിൽ കടലിൽ ബ്ലൂ സ്‌ക്രീന്‍ 50– 60 അടി ഉയരത്തില്‍ കെട്ടി രണ്ട് ട്രക്കുകള്‍ ഓരോ സൈഡിലും ഓടിച്ചുകൊണ്ടിരുന്നു.
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രം ചരിത്ര പ്രധാന്യമുള്ള സംഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. മാർച്ച് 26 നാണു ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. സെൻസറിംഗും പൂർത്തിയാക്കിയ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിൽ അയ്യായിരത്തിലധികം തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചീത്രീകരിച്ചിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം. 100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കുന്നത്.