ആലാപനത്തിലും ആവിഷ്കാരത്തിലും വ്യത്യസ്തത പുലർത്തി മാസ്റ്ററിലെ ഗാനം

തമിഴകത്തിന്റെ ഇളയദളപതി വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മാസ്റ്റർ. ‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഗാന ബാലചന്ദറിന്റെ വരികൾക്കു അനിരുദ്ധ് രവിചന്ദർ സംഗീതം പകര്ന്നിരിക്കുന്നു. ആലപിച്ചിരിക്കുന്നത് അനിരുദ്ധും ബാലചന്ദറും ചേർന്നാണ്.
ചിത്രത്തിൽ വിജയ് സേതുപതിയും എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മുഖ്യ ആകർഷണം. മാസ്റ്ററിൽ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്ത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ യൂട്യൂബിൽ തരംഗമാകുകയാണ് ചിത്രത്തിന്റേതായി പുറത്തുവന്ന ഒരു ഗാനം. ആലാപനത്തിലെ വ്യത്യസ്തതയാണ് പാട്ടിനെ മികച്ചതാക്കുന്നത് എന്നതാണ് ആസ്വാദകരുടെ അഭിപ്രായം.
അതേസമയം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഗാനത്തിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയിരിക്കുന്ന പാട്ടിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് അരുൺരാജ കാമരാജാണ്. വിജയ് യുടെ ആലാപനമാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. വിജയ്ക്കൊപ്പം ആലാപനത്തിൽ അനിരുദ്ധും പങ്കുചേരുന്നുണ്ട്.
വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ.
മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശാന്തന ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡൽഹിയിലും കർണാടകയിലും ചെന്നൈയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
അതേസമയം തിയേറ്ററുകളിൽ മികച്ച വിജയം നേടിയ ‘കൈതി’ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ എത്തുമ്പോൾ വാനോളം പ്രതീക്ഷയിലാണ് ആരാധകർ.