നാട്ടിലേക്ക് തിരികെപോകണമെന്ന ആവശ്യവുമായി പായിപ്പാട് തെരുവിൽ ഇറങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളെ അനുനയിപ്പിക്കാൻ ശ്രമിച്ച് അധികൃതർ
ലോക്ക് ഡൗണിനെ തുടർന്ന് കേരളത്തിൽ കഴിയുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് തിരികെ പോകണമെന്ന ആവശ്യമുമായി തെരുവിൽ ഇറങ്ങി. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി പായിപ്പാട് തെരുവിലിറങ്ങിയത്. നാട്ടിലേക്ക് തിരികെ പോകാൻ വാഹനസൗകര്യം ഒരുക്കണമെന്ന ആവശ്യവുമായാണ് ഇവർ തെരുവിൽ ഇറങ്ങിയത്.
അതേസമയം ജില്ലാ കളക്ടറും പൊലീസ് മേധാവികളും ഉൾപ്പെടെ നിരവധിപ്പേർ ഇവരുമായി ചർച്ച നടത്തി. ഈ സാഹചര്യത്തിൽ നാടുകളിലേക്ക് തിരികെ പോകുക എന്നത് സാധ്യമാകുന്ന കാര്യാമല്ലെന്നും അധികൃതർ അറിയിച്ചു. തൊഴിലാളികൾക്കു വേണ്ട ഭക്ഷണവും വെള്ളവും മറ്റു സൗകര്യങ്ങളും ഒരുക്കാനുള്ള നിർദ്ദേശങ്ങളും അധികൃതർ നൽകിയിട്ടുണ്ട്. ഭക്ഷണം എത്തിച്ചുനൽകാൻ തൊഴിൽ ഉടമകൾ തയാറാകുന്നില്ലെന്നുള്ള ആക്ഷേപങ്ങളും ഉയർന്നിരുന്നു.
അടിസ്ഥാന സൗകര്യം, ഭക്ഷണം ഉൾപ്പെടെ ഇവരുടെ ഏത് ആവശ്യങ്ങളും പ്രാവർത്തികമാക്കാമെന്നും എന്നാൽ ഈ സമയത്ത് തിരികെ പോകുക സാധ്യമല്ലെന്നും അധികൃതർ അറിയിച്ചു. ഇതിനെത്തുടർന്ന് ഇവിടെ കൂടിയിരുന്നവർ പിരിഞ്ഞുപോകാൻ തയാറായി.