സമൂഹവ്യാപനം തടയാൻ മൊബൈൽ ആപ്ലിക്കേഷൻ: കേന്ദ്ര സർക്കാർ
March 27, 2020
കൊവിഡിന്റെ മൂന്നാം ഘട്ടമായ സമൂഹവ്യാപനം തടയാനുള്ള കടുത്ത ശ്രമത്തിലാണ് ഇന്ത്യ. സമൂഹവ്യാപനം ഏറെ ഭീതിജനകമാണ്. ഈ ഘട്ടത്തിൽ രോഗം ആരിൽ നിന്നും ആരിലേക്ക് എത്തുന്നുവെന്നത് കണ്ടെത്താൻ സാധിക്കില്ല. അതിനാൽ മൂന്നാം ഘട്ടമെന്ന അവസ്ഥ ഒഴിവാക്കാൻ ഏറെ ജാഗ്രതയോടെ നമുക്ക് ശ്രമിക്കാം.
സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി വൈറസ് ബാധിതർ സഞ്ചരിച്ച വഴികളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. പ്രാദേശിക ഭാഷകളിൽ അടക്കം പുറത്തിറക്കുന്ന ആപ്പിന്റെ മാതൃക തയാറാക്കിക്കഴിഞ്ഞു.
ഇത് പ്രകാരം കൊറോണ ബാധിതർ സഞ്ചരിച്ച വഴികൾ മനസിലാക്കാനും അവിടെ നിയന്ത്രണങ്ങൾ ശക്തമാക്കാനും സാധിക്കും. രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് ഡേറ്റയുമായി ബന്ധിപ്പിച്ചാണ് ആപ്ലിക്കേഷൻ ഒരുക്കുന്നത്.