സിനിമാലോകത്തെ ദിവസ വേതനക്കാർക്കായി മോഹൻലാൽ 10 ലക്ഷവും, മഞ്ജു വാര്യർ 5 ലക്ഷവും നൽകി
കൊവിഡ്-19 ഭീതിയിൽ ഏപ്രിൽ 14 വരെ രാജ്യം ലോക്ക് ഡൗണിൽ ആണ്. മഹാമാരിയെ തുരത്താൻ വേണ്ടിയുള്ള പ്രയത്നമാണെങ്കിൽ കൂടിയും ഇത് ദിവസവേതനക്കാരെ ആശങ്കയിലാക്കുന്നുണ്ട്. കാരണം എല്ലാ മേഖലയും സ്തംഭിച്ച് ആരും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലുമാണ്.
ഈ അവസരത്തിൽ സിനിമ മേഖലയിലെ ദിവസ വേതനക്കാർക്ക് മുൻനിര താരങ്ങൾ സഹായം കൈമാറിയിരുന്നു. തമിഴ് സിനിമ ലോകത്തെ ഒട്ടുമിക്ക താരങ്ങളും സഹായം കൈമാറിക്കഴിഞ്ഞു. ഇപ്പോൾ മലയാള സിനിമ ലോകത്ത് നിന്നും മോഹൻലാലും മഞ്ജു വാര്യരും ദിവസവേതനക്കാർക്കായി തുക കൈമാറിയിരിക്കുകയാണ്.
മോഹൻലാൽ 10 ലക്ഷവും മഞ്ജു വാര്യർ അഞ്ചു ലക്ഷവുമാണ് നൽകിയത്. ഫെഫ്കയാണ് ഇങ്ങനെയൊരു പദ്ധതിക്ക് രൂപം നൽകിയത്. മോഹൻലാൽ ആണ് ആദ്യം തന്നെ തുക നൽകാനുള്ള സന്നദ്ധത അറിയിച്ചതെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു.
മാത്രമല്ല, തെലുങ്ക് താരം അല്ലു അർജുൻ തുക കൈമാറാമെന്ന് അറിയിച്ചതായും ബി ഉണ്ണികൃഷ്ണൻ പ്രതികരിച്ചിരുന്നു. അതിനോടൊപ്പം, ഫെഫ്കയ്ക്ക് കീഴിലുള്ള 19 ഉപസംഘടനാ പ്രതിനിധികളുമായി വാട്സ് ആപ്പിലൂടെ ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് മൂന്ന് മാസത്തേക്കുള്ള സാമ്പത്തിക പാക്കേജിന് രൂപം നല്‍കിയിട്ടുണ്ട്.