മുണ്ടൂർ മാടനെ ഏറ്റെടുത്ത് മലയാളികൾ; ശ്രദ്ധനേടി അയ്യപ്പനും കോശിയിലെ ഗാനം
ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഒരു ഗാനം. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.’ മുണ്ടൂർ മാടൻ എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ. കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം ചിത്രത്തിലേതായി പുറത്തുവന്ന മറ്റ് ഗാനങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.നഞ്ചമ്മയും ജേക്സ് ബിജോയിയും ചേര്‍ന്ന് ആലപിച്ച ഗാനവും ആസ്വാദകർ ഏറ്റെടുത്തിരുന്നു. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ ശ്രദ്ധ നേടിയതാണ് നഞ്ചമ്മ. സിനിമ നടനായ ആദിവാസി കലാകാരന് പഴനി സ്വാമി നേതൃത്വം നല്കുന്ന ആസാദ് കലാസംഘത്തില്‍ നഞ്ചമ്മ അംഗമാണ്. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാര്‍ഗം കണ്ടെത്തുന്ന നഞ്ചമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകള്‍ ഏറ്റുപാടി മനസ്സില്‍ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചമ്മ കൂടുതലും പാടുന്നത്.
വേറിട്ട കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരങ്ങളാണ് പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘അയ്യപ്പനും കോശിയും’. സച്ചിയാണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത്.
ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന് എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന് കാഴ്ചവയ്ക്കുന്നതും. ഗോള്‍ഡ് കോയിന് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.