കൊവിഡ്- 19: ഇറ്റലിയിൽ നിന്നെത്തിയവർ സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ട് നാഷ്ണൽ ഹെൽത്ത് മിഷൻ

March 11, 2020

ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്. സംസ്ഥാനത്ത് കൊവിഡ്- 19 ബാധിച്ചവരുടെ എണ്ണം 14 ആയി. വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളതെന്ന് മന്ത്രി കെ കെ ഷൈലജ അറിയിച്ചു. ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിലൂടെയാണ് രോഗം കേരളത്തിൽ വീണ്ടും എത്തിയത്. ഈ സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടിരിക്കുകയാണ് പത്തനംതിട്ട നാഷ്ണൽ ഹെൽത്ത് മിഷൻ.

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ സ്ഥലങ്ങളില്‍ ഈ തീയതികളിൽ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ ദയവായി 9188297118, 9188294118 എന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം ഈ കുടുംബവുമായി അടുത്തിടപഴകിയ 733 പേരെ നേരത്തെ കണ്ടെത്തിയിരുന്നു. റൂട്ട് മാപ്പ് പുറത്തുവിട്ടതോടെ കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ ആകാൻ സാധ്യതയുണ്ട്.

പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന നാല് പേര്‍ക്കും കോട്ടയം ജില്ലയിലെ രണ്ടു പേര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. എറണാകുളം ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് വയസുകാരിയുടെ മാതാപിതാക്കൾക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 14 ആയി.