കൊവിഡ്-19 വാർഡിൽ തളർന്നു മയങ്ങുന്ന നഴ്‌സ്- കണ്ണ് നിറയ്ക്കുന്ന കാഴ്ച; നൊമ്പരത്തോടെ പിന്തുണച്ച് ലോകം

March 17, 2020

ലോകം കൊവിഡ്-19 ഭീതിയിൽ നിൽക്കുമ്പോഴും കണ്ണും മനസും നിറയ്ക്കുന്ന ഒട്ടേറെ കാഴ്ചകളും ചുറ്റുമുണ്ട്. എല്ലാവരും സുരക്ഷിതരാണെന്ന് സ്വയം ഉറപ്പു വരുത്തുമ്പോൾ സ്വന്തം ജീവൻ പോലും പണയം വെച്ചാണ് ഡോക്ടർമാരും നഴ്‌സുമാരും പ്രവർത്തിക്കുന്നത്. ഉത്തരവാദിത്തത്തോടെ ജോലി ചെയ്‌ത്‌ കഴിയുമ്പോൾ ഒന്ന് ഉറങ്ങാൻ പോലും അവർക്ക് സമയമുണ്ടാകില്ല. അത്തരമൊരു കണ്ണുനിറയ്ക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളിൽ സജീവം.

എലീന പാഗ്ലിയാരിനി നഴ്‌സ് കൊവിഡ്-19 വാർഡിലെ ജോലികൾക്ക് ശേഷം ഗ്ലൗസ് പോലും മാറ്റാതെ തളർന്ന് ആശുപത്രിമേശയിൽ തലചായ്ച്ച് കിടക്കുന്ന ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ആരുടേയും കണ്ണു നിറയ്ക്കുന്ന ചിത്രം കൊറോണ വൈറസ് ബാധ കാരണം ബുദ്ധിമുട്ടുന്ന ഒരു വിഭാഗത്തിന്റെ നേർകാഴ്ച്ചയാണ്.

ഒപ്പം ജോലി ചെയ്യുന്ന ഒരു ഡോക്ടറാണ് ഈ ചിത്രം പകർത്തിയതും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതും. ഇതുപോലെ വിശ്രമമില്ലാത്ത ജോലിയിലാണ് ഇറ്റലിയിലെ ഒട്ടുമിക്ക ആരോഗ്യപ്രവർത്തകരും. വീട്ടിലേക്ക് പോകാനോ ഷിഫ്റ്റ് അനുസരിച്ച് ജോലി ചെയ്യാനോ ഇവർക്ക് സാധിക്കുന്നില്ല.

‘ഇത്ര ദുരിതം നിറഞ്ഞ സാഹചര്യത്തിലും കരുത്തോടെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് നന്ദി’ എന്നാണ് ഈ ചിത്രത്തിനൊപ്പം പ്രചരിച്ച വാക്കുകൾ. എന്നാൽ ഈ ചിത്രം സമൂഹ മാധ്യമങ്ങളിൽ കണ്ടപ്പോൾ തന്റെ ദൗർബല്യം മറ്റുള്ളവർ കണ്ടല്ലോ എന്ന് ജാള്യം തോന്നിയെന്നാണ് എലീന പാഗ്ലിയാരിനി പ്രതികരിച്ചത് . എന്നാൽ പിന്നീട് നല്ല ഒരുപാട് സന്ദേശങ്ങൾ വന്നപ്പോൾ സന്തോഷം തോന്നിയെന്നും 24 മണിക്കൂർ പ്രവർത്തിക്കാൻ തയ്യാറാണെന്നും എലീന പാഗ്ലിയാരിനി പറഞ്ഞു. ശാരീരിക ക്ഷീണം കൊണ്ടല്ല കിടന്നു പോയത്, ആരാണെന്നറിയാത്ത ഒരു എതിരാളിയോടുള്ള പോരാട്ടമാണ് ഭയപ്പെടുത്തുന്നത് എന്നും എലീന പാഗ്ലിയാരിനി വ്യക്തമാക്കി.