സഹപ്രവർത്തകർക്ക് മെയ് മാസം വരെയുള്ള ശമ്പളം നൽകി പ്രകാശ് രാജ്; മാതൃകയ്ക്ക് കൈയടിച്ച് സോഷ്യൽ മീഡിയ
കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് രാജ്യം മുഴുവൻ വലിയ പ്രതിസന്ധിഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ തൊഴിൽ മേഖലയും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിൽ സഹപ്രവർത്തകർക്ക് മെയ് മാസം വരെയുള്ള ശമ്പളം മുൻകൂറായി നൽകിയിരിക്കുകയാണ് നടൻ പ്രകാശ് രാജ്.
പ്രൊഡക്ഷൻ ഹൗസിലെ സഹപ്രവർത്തകർക്കും മറ്റ് ജോലിക്കാർക്കുമാണ് മെയ് മാസം വരെയുള്ള ശമ്പളം പ്രകാശ് രാജ് നൽകിയിരിക്കുന്നത്. അതോടൊപ്പം ദിവസക്കൂലിയിൽ ആശ്രയിച്ച് കഴിയുന്ന ജീവനക്കാർക്കും അദ്ദേഹം ശമ്പളം നൽകി.
കൊറോണ വൈറസ് സമൂഹവ്യാപനം തടയുന്നതിന്റെ ഭാഗമായി ചിത്രീകരണം നിർത്തിവച്ചിരുന്ന സിനിമകളുടെ ദിവസവേതന തൊഴിലാളികൾക്കും പകുതി ശമ്പളം നല്കാൻ അദ്ദേഹം തീരുമാനിച്ചിട്ടുണ്ട്. ഇനിയും തന്നക്കൊണ്ട് സാധ്യമാകുന്നതെല്ലാം ചെയ്യുമെന്നും തന്റെ ജോലി അവസാനിച്ചിട്ടില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. നിങ്ങളുടെ ചുറ്റുമുള്ളവർക്ക് കഴിയുന്ന സഹായങ്ങൾ ചെയ്ത് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രകാശ് രാജിന്റ ഈ പ്രവർത്തിക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും നിറഞ്ഞ കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാതൃകാപരമായ പ്രവർത്തിയാണ് അദ്ദേഹത്തിന്റേതെന്നും എല്ലാവരും ഇത് പിന്തുടരണമെന്നുമാണ് സോഷ്യൽ മീഡിയ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നത്.