കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ
March 30, 2020
കൊറോണ വൈറസിന്റെ വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലയുടെ പരിധിയില്‍ നാല് പേരില്‍ അധികം ആളുകള്‍ കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന അവശ്യ സര്‍വീസുകളെ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച പായിപ്പാട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് കൂട്ടംകൂടിയ സംഭവത്തിന് പിന്നാലെയാണ് കോട്ടയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് ഇന്നലെ 20 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നിലവില്‍ 181 രോഗബാധിതരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലുണ്ട്.