പത്തനംതിട്ട ജില്ലയില്‍ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി
കൊവിഡ് വ്യാപനത്തെ ചെറുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഏപ്രില്‍ 14 വരെ നീട്ടി. ജില്ലാ കളക്ടര്‍ പി ബി നൂഹ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്നതിനും പൊതുസമാധാനം നിലനിര്‍ത്തുന്നതിനും വേണ്ടിയാണ് നിരോധനാജ്ഞ നീട്ടിയത്.
പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണ് ജില്ലാ കളക്ടര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ജില്ലയില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. അതേസമയം നേരത്തെ മാര്‍ച്ച് 31 അര്‍ധരാത്രി വരെയായിരുന്നു പത്തനംതിട്ട ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
നിരോധനാജ്ഞ നീട്ടിയെങ്കിലും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍ സഹായത്തിനും ജനങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് പുറത്തിറങ്ങാം. പലചരക്ക്, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. മെഡിക്കല്‍ ഷോപ്പുകള്‍ക്ക് സമയപരിധി ബാധകമല്ല. ജില്ലയില്‍ ആളുകള്‍ കൂട്ടംകൂടുന്നതിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.