ബംഗാളിനെ വീഴ്ത്തി രഞ്ജി ട്രോഫിയിൽ കന്നിക്കിരീടം സ്വന്തമാക്കി സൗരാഷ്ട്ര

രഞ്ജി ട്രോഫിയിൽ കന്നിക്കിരീടം സ്വന്തമാക്കി സൗരാഷ്ട്ര. ഒന്നാം ഇന്നിംഗ്സിൽ നേടിയ 44 റൺസിന്റെ പിന്തുണയിലാണ് സൗരാഷ്ട്ര ബംഗാളിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്തത് സൗരാഷ്ട്രയാണ്. ഒന്നാം ഇന്നിംഗ്സിൽ 425 റൺസാണ് സൗരാഷ്ട്ര സ്വന്തമാക്കിയത്. ബംഗാളിന് 381 റൺസ് മാത്രമാണ് സ്വന്തമാക്കാനായത്.
നാലാം തവണയാണ് ഇതിനോടകം സൗരാഷ്ട്ര ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ തവണ വിദർഭയോട് ഫൈനലിൽ തോൽവി സമ്മതിച്ചിരുന്നു. ഫൈനൽ കിരീടം ആദ്യമായി സ്വന്തമാക്കാൻ വഴിയൊരുക്കിയത് സൗരാഷ്ട്രയുടെ താരമായ അർപ്പിത് വാസവദത്തയാണ്.
44 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സിനു ഇറങ്ങിയ സൗരാഷ്ട്ര 34 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. ഈ സമയം ഇരു നായകന്മാരും സമനിലക്ക് സമ്മതിച്ചു.
മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് മത്സരം പുനരാരംഭിച്ചപ്പോൾ 72 റൺസ് അകലെയായിരുന്നു ബംഗാളിന് വിജയം. മജുംദാറിൽ ആയിരുന്നു ബംഗാളിന്റെ പ്രതീക്ഷ. മത്സരം കടുത്തപ്പോൾ 151 പന്തിൽ എട്ടു ഫോറുകൾ സഹിതം 63 റൺസുമായി ബംഗാളിന്റെ മജുംദാർ മടങ്ങിയതോടെ സൗരാഷ്ട്രക്ക് ഭാഗ്യം തെളിഞ്ഞു.
126 പന്തിൽ അഞ്ചു ഫോറും ഒരു സിക്സും സഹിതം 40 റൺസുമായി ബംഗാൾ താരം നൻദി പോരാടിയെങ്കിലും 20 റൺസിനിടെ ബാക്കിയായ രണ്ടു വിക്കറ്റും മറികടന്ന് സൗരാഷ്ട്ര മത്സരം സ്വന്തമാക്കുകയായിരുന്നു.