മൈതാനത്ത് കളിച്ചും ചിരിച്ചും കൗതുകം ജനിപ്പിച്ച് ഒരു കുട്ടി ക്രിക്കറ്റർ; ചിത്രങ്ങൾ പങ്കുവെച്ച് സച്ചിൻ തെൻഡുൽക്കർ

March 1, 2020

പ്രായഭേദമന്യേ നിരവധി ആരാധകരുള്ള കായിക ഇനമാണ് ക്രിക്കറ്റ്. ക്രിക്കറ്റ് എന്നത് പലരുടെയും രക്തത്തിലലിഞ്ഞിരിക്കുന്ന ഒരുതരം ലഹരിയാണ്. പ്രായം മറന്ന് ക്രിക്കറ്റിനെ നെഞ്ചോട് ചേര്‍ക്കുന്ന പലരും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുകയാണ് ഒരു കുട്ടി ആരാധകൻ. വെറും പത്ത് മാസം മാത്രം പ്രായമുള്ള ശ്രേഷ്‌ഠ യുടെ ചിത്രങ്ങൾ ക്രിക്കറ്റ് ലോകത്തെ ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കർ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

സച്ചിൻ തെൻഡുൽക്കറുടെ പത്താം നമ്പർ ജേഴ്‌സി ധരിച്ച് കൈയിൽ ക്രിക്കറ്റ് ബാറ്റും, ബോളുമൊക്കെ പിടിച്ച് മൈതാനത് ഇരിക്കുകയും നടക്കുകയുമൊക്കെ ചെയ്യുന്ന കുഞ്ഞിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

സച്ചിൻ തെൻഡുൽക്കറുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ആനന്ദ് മേത്ത എന്നയാള്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ലോകം മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്. ആനന്ദ് മേത്തയുടെ സഹോദരിയുടെ മകളുടെ ചിത്രങ്ങളായിരുന്നു ട്വീറ്റിലൂടെ അദ്ദേഹം പങ്കുവെച്ചത്. ക്രിക്കറ്റില്‍ നിന്നും വിരമിച്ചാലും നിങ്ങളൊരിക്കലും ഞങ്ങളുടെ ഹൃദയം വിട്ടുപോകില്ലെന്നും ക്രിക്കറ്റിലെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ഞങ്ങളുടെ ലിറ്റില്‍ മാസ്റ്ററുടെ വക സ്നേഹാദരങ്ങൾ എന്നും ആനന്ദ മേത്ത കുറിച്ചിരുന്നു.