കൊവിഡ്- 19; രോഗനിർണയം അരമണിക്കൂറിൽ, പുതിയ പരിശോധനാ മാർഗം വികസിപ്പിച്ചെടുത്ത് ഗവേഷകർ
ചെറിയ ജലദോഷ പനി വരുമ്പോൾ തന്നെ കൊറോണ വൈറസ് ആണോ എന്ന പേടിയാണ് ഇന്ന് മിക്കവർക്കും. പിന്നെ ഐസൊലേഷനിൽ കഴിയുന്ന ദിവസങ്ങൾ മുഴുവൻ ഭീതിയും ആശങ്കയും ആയിരിക്കും. ഇപ്പോഴിതാ കൊറോണ വൈറസ് രോഗനിർണയം അരമണിക്കൂറിനുള്ളിൽ തിരിച്ചറിയുന്നതിനായി പുതിയ പരിശോധന വികസിപ്പിച്ചെടുതിരിക്കുകയാണ് ഓക്‌സ്ഫഡ് ഗവേഷകർ. ഇതോടെ നിലവിൽ ഉള്ള മാർഗത്തിന്റെ മൂന്നിരട്ടി വേഗത്തിൽ ഫലം അറിയാം.
കൊറോണ വൈറസിനെതിരെ വാക്സിനുകൾ ഉൾപ്പെടെ കണ്ടെത്താനുള്ള പഠനങ്ങളും നടക്കുകയാണ്. ഇതിനിടെയാണ് രോഗനിർണയത്തിനുള്ള പരിശോധനകൾ എളുപ്പമാക്കാൻ ഓക്‌സ്ഫഡ് എൻജിനീയറിങ് സയൻസ് ഡിപ്പാർട്ട്‌മെന്റും ഓക്‌സ്ഫഡ് സുഷൗ സെന്റർ ഫോർ അഡ്വാൻസ്ഡ് റിസർച്ചും ഒന്നിച്ച് പുതിയ കണ്ടെത്തൽ വികസിപ്പിച്ചെടുത്തത്.
പരിശോധനയുടെ ആദ്യ ഘട്ടത്തിൽ തന്നെ രോഗനിർണയം ലഭ്യമാകും. അതിനാൽ രോഗവ്യാപനം തടയാൻ ഇത് സഹായകമാകുമെന്നും അധികൃതർ അറിയിക്കുന്നു. ഇതിന്റെ ഉപയോഗം വളരെ എളുപ്പമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ക്ലിനിക്കുകളിലും എയർപോർട്ടുകളിലും വീടുകളിലും ഉപയോഗിക്കാൻ സാധ്യമാകുന്ന രീതിയിൽ ഉപകരണം വികസിപ്പിക്കുവാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഓക്‌സ്ഫഡ് ഗവേഷകർ.