ലോകത്തിലെ ആദ്യ കൊവിഡ് ബാധിത വുഹാനിലെ ചെമ്മീൻ വില്പനക്കാരി- കണ്ടെത്തലുമായി അമേരിക്കൻ മാധ്യമം
ലോകം മുഴുവൻ ആശങ്കയിൽ ആഴ്ത്തിയ കൊറോണ വൈറസ് കൂടുതൽ ശക്തി പ്രാപിക്കുകയാണ്. എന്നാൽ അസുഖം പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനിൽ സ്ഥിതികൾ സാധാരണ നിലയിലേക്ക് എത്തുകയാണ്. ഈ അവസരത്തിൽ കൊറോണ ബാധിച്ച് ആദ്യം റിപ്പോർട്ട് ചെയ്ത രോഗിയെ കണ്ടെത്തിയിരിക്കുകയാണ് മാധ്യമങ്ങൾ.
വുഹാനിലെ മൽസ്യമാർക്കറ്റിൽ ചെമ്മീൻ വില്പനകാരിയായ വൈ ആണ് ആദ്യമായി റിപ്പോർട്ട് ചെയ്തതെന്ന് അമേരിക്കൻ ജേർണലായ വാൾസ്ട്രീറ്റ് ജേർണൽ പറയുന്നു. ജലദോഷം, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ടുകളുമായി ഇവർ ഡിസംബറിലാണ് ആശുപത്രിയിൽ എത്തിയത്. ഒരു ക്ലിനിക്കിൽ പോയി പണിക്കുള്ള ചികിത്സ ചെയ്തിട്ടും മാറാതെ വന്നപ്പോഴാണ് വൈ ഇലവൻത് ഹോസ്പിറ്റലിൽ ചികിത്സ തേടിയത്. അവിടെ നിന്നും ഗുരുതരമായ അസുഖവുമായി വുഹാൻ യൂണിയൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് അതെ മാർക്കറ്റിൽ നിന്നും ഒരുപാടാളുകൾ ഗുരുതര അസുഖവുമായി ചികിത്സയ്ക്ക് എത്തിയ കാര്യം വൈ അറിയുന്നത്.
വുഹാനിലെ ഈ സമുദ്രോത്പന്ന മാർക്കറ്റാണ് അസുഖത്തിന്റെ ഉറവിടമെന്ന കണ്ടെത്തലിൽ ഈ മാർക്കറ്റ് അടച്ചുപൂട്ടുകയായിരുന്നു. ജനുവരിയിൽ വൈ രോഗവിമുക്തയായി. താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർക്കും അസുഖം ബാധിച്ചിരുന്നതായി വൈ പറയുന്നു. തനിക്ക് മാർക്കറ്റിലെ പൊതു ശൗചാലയത്തിൽ നിന്നാണ് അസുഖം ബാധിച്ചതെന്നാണ് വൈ പറയുന്നത്.
നിരവധി ആളുകൾ ചികിത്സ തേടിയിരുന്നതിനാൽ വൈ തന്നെയാണ് ആദ്യ രോഗി എന്ന് ഉറപ്പിച്ച് പറയാനും സാധ്യമല്ല. എങ്കിലും വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട് ശ്രദ്ധേയമാകുകയാണ്.