സംസ്ഥാനത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടുമെന്ന് വ്യാപാരികള്‍
സംസ്ഥാനത്തെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളും ഞായറാഴ്ചകളില്‍ അടച്ചിടുമെന്ന് വ്യാപാരികള്‍. ജീവനക്കാരുടെ എണ്ണം കുറവായതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ അവശ്യ സാധനങ്ങള്‍ ലഭ്യമാകുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ജീവനക്കാരുടെ എണ്ണത്തിലും കുറവ് വന്നു. ഇക്കാരണത്താലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഏപ്രില്‍ 14 വരെയുള്ള ഞായറാഴ്ചകളില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചിടാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് തുറന്ന് പ്രവര്‍ത്തിക്കുക. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് സൂപ്പര്‍മാര്‍ക്കറ്റുകള്‍ അടച്ചാല്‍ പിന്നെ തുറക്കുക തിങ്കളാഴ്ച രാവിലെ ആയിരിക്കും. ഒരു ദിവസം കട അടയ്ക്കുന്നത് കൊണ്ട് പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വ്യാപാരികള്‍ വിലയിരുത്തുന്നത്.
അതേസമയം കൊവിഡ് 19 നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. എപ്രില്‍ 14 വരെ എല്ലാവരോടും വീടുകളില്‍ത്തന്നെ കഴിയാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാനത്ത് നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട്.