കൊവിഡ് 19: ബാങ്ക് ശാഖകളില്‍ പോകുന്നവര്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങള്‍
കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ പോരാടുകയാണ് ലോകം. ഏഴ് ലക്ഷത്തില്‍ അധികം ആളുകളില്‍ വൈറസ് ബാധ ഇതിനോടകം സ്ഥിരീകരിച്ചു. ലോകത്താകമാനം 30,000-ല്‍ അധികം ആളുകളാണ് രോഗം മൂലം മരണപ്പെട്ടത്. ഇന്ത്യയില്‍ ആയിരത്തില്‍ അധികം ആളുകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് 19-നെ ചെറുക്കാന്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിന്റെ ഭാഗമായി ഏപ്രില്‍ 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാമൂഹികമായ അകലം പാലിക്കുക എന്നത് മാത്രമാണ് കൊവിഡ് 19 പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം.
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഈ ദിവസങ്ങളില്‍ ലഭ്യമാകുക. പണമിടപാടുകള്‍ക്ക് ഉപഭോക്താക്കളില്‍ പലരും ബാങ്ക് ശാഖകളില്‍ പോകാറുണ്ട്. എന്നാല്‍ ബാങ്കില്‍ പോകുമ്പോള്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കണം. ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമേ ശാഖയിലെത്താവൂ. ബാങ്കിലെത്തുന്നവര്‍ ഗ്ലൗസ്, സാനിറ്റൈസര്‍, മാസ്ക് എന്നിവ ഉപയോഗിക്കണം എന്നും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന് പ്രസ്താവനയില്‍ പറയുന്നു. ബാങ്ക് ശാഖയിലെ ജീവനക്കാരും ശാഖയിലെത്തുന്ന മറ്റുള്ളവരുമായി സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഇതിനുപുറമെ, കൗണ്ടറുകളിലോ പൊതു സമ്പര്‍ക്കം വരുന്ന ഇടങ്ങളിലോ സ്പര്‍ശിക്കാതെ ശ്രദ്ധിക്കണം. മുതിര്‍ന്ന പൗരന്മാരും കുട്ടികളും ശാഖയില്‍ എത്തുന്നത് ഒഴിവാക്കണം. പരമാവധി ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തണം. ഒരേസമയം അഞ്ച് ഉപഭോക്താക്കളില്‍ കൂടുതല്‍ ബാങ്കിനകത്ത് പ്രവേശിക്കരുത് എന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.