ഫോണും ഇന്റെർനെറ്റുമില്ല, ആഴ്ചകൾക്ക് ശേഷം തിരികെ എത്തിയപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ; കൊവിഡ് കാലത്തെ യാത്രാനുഭവം…
ജോലിസമ്മർദ്ദവും ടെൻഷനുമൊക്കെ വരുമ്പോൾ എല്ലാം അവസാനിപ്പിച്ച് എങ്ങോട്ടെങ്കിലും ഒരു യത്രപോകാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ മിക്കവരും. ഫോണും ഇന്റെർനെറ്റും ഒന്നിമില്ലാത്ത യാത്രകൾ. എന്നാൽ ഇത്തരത്തിൽ ഒരു യാത്ര പോയി തിരികെ എത്തിയപ്പോൾ അറിഞ്ഞ ഞെട്ടിക്കുന്ന അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് സാക്ക് എൽഡർ എന്ന വ്യക്തി.
സാക്ക് ഒരു റാഫ്റ്റിങ് ഭ്രാന്തനാണ്. ഫോണോ ഇന്റെർനെറ്റോ ഒന്നുമില്ലാത്ത ഏതെങ്കിലുമൊക്കെ കാട്ടുമൂക്കിലേക്ക് ഇടയ്ക്കിടെ സാക്ക് പോകാറുണ്ട്. പിന്നീട് ഒന്നുമറിയാത്ത കുറെ ദിവസങ്ങൾ. പിന്നെ പെട്ടന്നൊരു ദിവസം നാട്ടിൽ പ്രത്യക്ഷപ്പെടും. എന്നാൽ ഇത്തവണ തന്റെ യത്രകൾക്ക് ശേഷം തിരികെയെത്തിയ സാക്കിനെ കാത്തിരുന്നത് ലോകത്തെ മുഴുവൻ ഭീതിയിൽ ആഴ്ത്തിയ കൊറോണ വൈറസ് എന്ന മഹാമാരിയേക്കുറിച്ചുള്ള ഞെട്ടിക്കുന്ന വാർത്തകളാണ്.
ഫെബ്രുവരി 19 നാണ് സാക്കിന്റെ ട്രിപ്പ് ആരംഭിച്ചത്. സാക്കിനൊപ്പം മറ്റ് 12 സുഹൃത്തുക്കളും ഉണ്ടായിരുന്നു. 25 ദിവസങ്ങൾ നീണ്ടുനിന്ന ഒരു ട്രിപ്പ്. ആ സമയത്ത് ചൈനയിലെ കൊറോണ കേസുകൾ കുറയാൻ തുടങ്ങിയ സമയമായിരുന്നു. അങ്ങനെ മാർച്ച് 14 ന് ട്രിപ്പ് അവസാനിച്ചു. അതിനിടെ നാട്ടിൽ നടന്നതിനെക്കുറിച്ചൊന്നും സാക്കും കൂട്ടരും അറിഞ്ഞിരുന്നേയില്ല. 25 ദിവസങ്ങൾക്ക് ശേഷം നാട്ടിൽ തങ്ങളുടെ ചങ്ങാടം അടുപ്പിച്ചപ്പോൾ റാഫ്റ്റിങ് കമ്പനി ജീവനക്കാരൻ അവരോട് നാട്ടിൽ സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞു. അപ്പോഴാണ് കൊറോണ വൈറസ് വരുത്തിവച്ച മഹാമാരിയെപ്പറ്റിയും അമേരിക്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെപറ്റിയുമൊക്കെ സാക്കും കൂട്ടരും അറിഞ്ഞത്. ഈ വിവരങ്ങൾ അറിയാൻ ലോകത്തിൽ ബാക്കിയുണ്ടായിരുന്ന ഒരേ ഒരു കൂട്ടം ആളുകൾ സാക്കും സുഹൃത്തുക്കളും ആയിരുന്നിരിക്കാം.